അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (14:19 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചാഹർ ലോകകപ്പിനായി ഓസീസിൽ പോകുന്ന കാര്യം അനിശ്ചിതത്വത്തിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന ചാഹർ പരിക്കേറ്റതിനെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ദീപക് ചാഹർ ഇനിയും ഫിറ്റ്നസ് തെളിയിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ചാഹറിന് പകരം സ്റ്റാൻഡ് ബൈ പേസറായി ഷാർദ്ദൂൽ ഠാക്കൂർ ഓസീസിലേക്ക് പോകും. ലോകകപ്പ് ടീമിൽ നിന്നും പരിക്കേറ്റതിനെ തുടർന്ന് പുറത്താക്കപ്പെട്ട ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനായി ദീപക് ചാഹർ എത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ചാഹറിന് പരിക്കേറ്റ സാഹചര്യത്തിൽ മുഹമ്മദ് ഷമിയോ മുഹമ്മദ് സിറാജോ ആകും റ്റീമിൽ ഇടം നേടുക. ഷമി 15 അംഗ ടീമിൽ ഇടം നേടുകയാണെങ്കിൽ സിറാജ് ഷമിയുടെ പകരക്കാരനായി സ്റ്റാന്ദ് ബൈ പേസറായി ഓസീസിൽ പോകും.
മുഹമ്മദ് ഷമിക്കൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങളായ രവി ബിഷ്ണോയ്, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ നാളെ ബ്രിസ്ബേനിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ഷമിക്ക് മത്സരപരിചയമില്ലെന്നത് വെല്ലുവിളിയാമെങ്കിലും ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ സന്നാഹ മത്സരങ്ങളിലൂടെ ഇത് മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.