രേണുക വേണു|
Last Modified വെള്ളി, 11 ജൂണ്‍ 2021 (14:46 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീമില്‍ സ്റ്റാര്‍ സ്പിന്നറുടെ വേഷത്തില്‍ ആര്‍.അശ്വിനും ഉണ്ട്. സ്പിന്നര്‍മാരായി അശ്വിനും രവീന്ദ്ര ജഡേജയും അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അശ്വിന്‍ ചിലപ്പോള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കളിക്കില്ലെന്ന കമന്റുമായി ഒരു ആരാധകന്‍ എത്തി. അശ്വിന്റെ തന്നെ യുട്യൂബ് ചാനലിലെ ഒരു വീഡിയോയ്ക്ക് താഴെയാണ് ഗൗതം സിന്‍ഹ എന്നയാളുടെ കമന്റ്.
'എനിക്ക് തോന്നുന്നു, ഐഷ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കില്ലെന്ന്' എന്നാണ് ആരാധകന്റെ കമന്റ്. ഐഷ് എന്ന പ്രയോഗം കൊണ്ട് അശ്വിനെയാണ് ഇയാള്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഈ കമന്റിനുള്ള മറുപടി അശ്വിന്‍ തന്നെ നല്‍കി. 'ഐഷ് കളിക്കില്ല, പക്ഷേ ഞാന്‍ കളിച്ചേക്കും' എന്ന രസകരമായ മറുപടിയാണ് അശ്വിന്‍ നല്‍കിയത്. അശ്വിന്റെ മറുപടി നിരവധി ആരാധകര്‍ ഏറ്റെടുത്തു.