ബംഗളുരു|
jibin|
Last Modified ബുധന്‍, 29 ജൂണ്‍ 2016 (20:40 IST)
വ്യക്തികളെക്കാള്‍ ഉപരി ടീമിനാണു താന്‍ പ്രാധാന്യം നല്‍കുന്നതെന്നു പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. പരിശീലക തെരഞ്ഞെടുപ്പിനുശേഷം ഞാന്‍ ആദ്യമായി ഫോണില്‍ സംസാരിച്ചത് മുന്‍ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയോടാണ്. കുംബ്ലെയും ശാസ്ത്രിയും തമ്മില്‍ പ്രശ്‌നങ്ങളില്ല എന്നും അദ്ദേഹം പറഞ്ഞു.
കളിക്കളത്തിലെ തീരുമാനങ്ങള്‍ പൂര്‍ണമായും നായകന്റെ നിയന്ത്രണത്തിലായിരിക്കും. എന്റെ അനുഭവസമ്പത്ത് താരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും അവരെ സഹായിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇന്ത്യക്കു മികച്ച ടീമിനെയാണ് ലഭിച്ചിരിക്കുന്നത്. വിരാട് കോഹ്‌ലിയും മുരളി വിജയും ഇഷാന്ത് ശര്‍മയുമടക്കം അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ടീമിലുണ്ടെന്നും കുംബ്ലെ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം തനിക്ക് നിഷേധിക്കുകയായിരുന്നുവെന്ന രവി ശാസ്‌ത്രിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി മുന്‍ ടീം നായകനും ബിസിസിഐ ഉപദേശക സമിതിയംഗവുമായ സൗരവ് ഗാംഗുലി രംഗത്തെത്തി.
ഞാന്‍ കാരണമാണ് പരിശീലക സ്ഥാനം ലഭിക്കാതിരുന്നതെന്ന രവി ശാസ്‌ത്രിയുടെ പ്രസ്‌താവന അത്ഭുതപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. എന്റെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് പറയുന്ന ശാസ്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് അദ്ദേഹം നടത്തിയതെന്നും ഗാംഗുലി പറഞ്ഞു.
പരിശീലക സ്ഥാനത്തേക്കുള്ള തന്റെ അഭിമുഖത്തില്‍ ഗാംഗുലി പങ്കെടുത്തില്ല എന്നാണ് അദ്ദേഹം പറയുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അഭിമുഖത്തില്‍ നിന്ന് വിട്ടു നിന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
രവി ശാസ്‌ത്രി പറയുന്നത്:-
സൗരരവ് ഗാംഗുലിയുടെ പിടിവാശി മൂലമാമാണ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് തന്നെ
പരിഗണിക്കാതിരുന്നത്. പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ ഗാംഗുലി പങ്കെടുത്തില്ല. അദ്ദേഹത്തിന് എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയില്ല. അതറിയണമെങ്കില്‍ അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും രവി ശാസ്‌ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഭിമുഖത്തില്‍ എന്തുകൊണ്ട് അദ്ദേഹം പങ്കെടുത്തില്ല എന്നതിന് ഉത്തരം നല്‍കേണ്ടത് ഗാംഗുലി തന്നെയാണ്. നല്ല രീതിയിലായിരുന്നു അഭിമുഖം നടന്നത്. വി വി എസ് ലക്ഷമണനും സച്ചിന്‍ തെന്‍ഡുല്‍ക്കറും സഞ്ജയും മികച്ച പല ചോദ്യങ്ങളും ചോദിച്ചു. തന്റേതായ രീതിയില്‍ എല്ലാത്തിനും ഉത്തരം നല്‍കുകയും ചെയ്‌തു. കുംബ്ലെയുടെ നേതൃത്വത്തില്‍ നല്ല ടീം വളര്‍ന്നു വരും. ടീമിലെ താരങ്ങളെ ഞാനെന്നും ബഹുമാനിച്ചിട്ടുണ്ടെന്നും രവിശാസ്‌ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.