2018 നെതിരായ പ്രതിഷേധം; സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും

രേണുക വേണു| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (15:44 IST)
സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. തിയറ്റര്‍ സംഘടനയായ ഫിയോക്കിന്റെതാണ് തീരുമാനം. ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' കരാര്‍ ലംഘിച്ച് ഒ.ടി.ടി.ക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും സിനിമ നിര്‍മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ.

ഇന്‍ഡസ്ട്രിയില്‍ ഹിറ്റായ 2018 തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സമയത്ത് തന്നെ ഒ.ടി.ടി. റിലീസിനും ഒരുങ്ങിയിരിക്കുകയാണ്. നാളെയാണ് സോണി ലിവില്‍ ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ റിലീസ് ചെയ്ത് 33-ാം ദിവസമാണ് 2018 ഒ.ടി.ടിയില്‍ എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :