ടർബോ നീളുമെന്നാണ് കരുതിയത്, നേരത്തെയെത്തുമെന്ന് അറിയാമായിരുന്നെങ്കിൽ റിലീസ് മാറ്റിയേനെയെന്ന് തലവൻ ടീം

Turbo, Thalavan
അഭിറാം മനോഹർ| Last Modified വ്യാഴം, 16 മെയ് 2024 (13:38 IST)
Turbo, Thalavan
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ ടര്‍ബോയും ആസിഫ് അലി- ബിജുമേനോന്‍ എന്നിവരെ നായകരാക്കി ഒരുക്കുന്ന തലവനും ഒരേ ആഴ്ചയാണ് തിയേറ്ററുകളില്‍ എത്തുന്നത്. ടര്‍ബോ മെയ് 23നും തലവന്‍ മെയ് 24നുമാണ് റിലീസ് ചെയ്യുന്നത്. ടര്‍ബോയ്ക്ക് വെല്ലുവിളിയാകുമോ തലവന്‍ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തലവന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

ടര്‍ബോ എന്ന സിനിമയുടെ റിലീസ് ജൂണ്‍ 13നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. വമ്പന്‍ സിനിമയായതിനാല്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷനും മറ്റ് പരിപാടികളും കാരണം റിലീസ് നീളുമെന്ന് മാത്രമാണ് വിചാരിച്ചത്. റിലീസ് നേരത്തെയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വെക്കേഷന്‍ തീരാന്‍ പോകുന്നതും മഴക്കാലം ഉടന്‍ ആരംഭിക്കാന്‍ പോകുന്നതും കാരണം സേഫ് ഡേറ്റായി മെയ് 24ന് റിലീസെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയുടെ റിലീസ് നീട്ടിവെയ്ക്കാന്‍ ഒരു തരത്തിലും സാധിക്കാത്തത് കൊണ്ടാണ് സിനിമ ഇപ്പോള്‍ തന്നെ റിലീസ് ചെയ്യുന്നത്. ആസിഫ് അലി പറഞ്ഞു.

ഒന്നരമാസം മുന്‍പേ തന്നെ ഈ റിലീസ് ഡേറ്റ് ഞങ്ങള്‍ എടുത്തിരുന്നു. ഇപ്പോള്‍ മലയാള സിനിമയുടെ ഒരു വസന്തകാലമാണ്. എല്ലാ സിനിമകളും നല്ല രീതിയില്‍ തിയേറ്ററില്‍ ഓടുന്നു. നല്ല റിപ്പോര്‍ട്ടുകള്‍ വരുന്നു. ഞങ്ങള്‍ സുരക്ഷിതമായി കണ്ട ഡേറ്റാണിത്. അങ്ങനെ ആ ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ടര്‍ബോ വരുന്നത്. വെക്കേഷന്‍ തീരാന്‍ ഒരാഴ്ച കൂടിയുണ്ടായിരുന്നുവെങ്കില്‍ റിലീസ് മാറ്റിവെയ്ക്കുമായിരുന്നു. അത് മമ്മൂക്ക എന്ന വ്യക്തിയോടുള്ള ആരാധനയും ബഹുമാനവും പേടിയും കൊണ്ടാണ്. ഞങ്ങള്‍ എല്ലാവരും തന്നെ മമ്മൂക്കയുടെ വലിയ ആരാധകരാണ്. ടര്‍ബോ വിജയിക്കുമ്പോള്‍ ഞങ്ങളുടെ സിനിമ കൂടി പരിഗണിക്കുകയും വിജയിപ്പിക്കുകയും ചെയ്യുക. സിനിമയുടെ സംവിധായകനായ ജിസ് ജോയ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :