അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (15:47 IST)
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളത്തിലടക്കം നിരവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി എല്ലാ ഭാഷകളിലും പല സീസണുകളും ഇതിനകം തന്നെ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് തെലുങ്കിന്റെ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് സ്റ്റാര്‍ മാ ടിവി. കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് ബിഗ്‌ബോസിന്റെ ഏഴാം സീസണിന് തുടക്കമായത്.
14 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന തെലുങ്ക് ബിഗ്‌ബോസില്‍ ദക്ഷിണേന്ത്യയാകെ സുപരിചിതരായ നടി ഷക്കീലയും ഇക്കുറി പങ്കെടുക്കുന്നുണ്ട്. ബിഗ്‌ബോസ് ഷോയിലെ അഞ്ചാമത്തെ മത്സരാര്‍ഥിയായാണ് താരത്തെ ബിഗ്‌ബോസ് അവതാരകന്‍ കൂടിയായ സൂപ്പര്‍ താരം നാഗാര്‍ജുന അക്കിനേനി പരിചയപ്പെടുത്തിയത്. താന്‍ ചെയ്ത വേഷങ്ങളില്‍ ഖേദമില്ലെന്നും തമിഴ്‌നാട്ടില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് തമിഴ് സിനിമാരംഗത്തെ തന്റെ ഇമേജ് മാറിയതെന്നും തെലുങ്കിലും അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷക്കീല പറഞ്ഞു.
തെലുങ്ക് നടിയായ രാധിക റോസ്, ശോഭ ഷെട്ടി,കിരണ്‍ റാത്തോഡ്, മോഡലായ ശുഭശ്രീ,പ്രിന്‍സ് യാര്‍,യൂട്യൂബ് ഫുഡ് വ്‌ലോഗര്‍ തേജ,ഡാന്‍സര്‍ ആട്ട സന്ദീപ്,ഗായിക ദാമിനി ബട്‌ല, നടനും ഫ്‌ലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, സീരിയല്‍ താരം അമര്‍ദീപ് ചൗധരി,യൂട്യൂബര്‍ പല്ലവി പ്രശാന്ത്, നടനും രാഷ്ട്രീയക്കാരനുമായ ശിവാജി,നടി പ്രിയങ്ക ജെയിന്‍ എന്നിവരും ഷക്കീലയ്‌ക്കൊപ്പം ബിഗ്‌ബോസില്‍ അണിനിരക്കുന്നുണ്ട്.