പ്രാര്‍ത്ഥനകള്‍ വിഫലം; ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

സുബിന്‍ ജോഷി| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (13:46 IST)
പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം (74) അന്തരിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 1.04ന് ചെന്നൈയിലെ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം അഞ്ചുമുതല്‍ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എസ് പി ബിയുടെ നില ഇന്നലെയോടെ അതീവ ഗുരുതരമാകുകയായിരുന്നു.

ഇന്നലെ മുതല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രി നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എസ് പി ബിയുടെ നില അതീവ ഗുരുതരമാണെന്നാണ് കമല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ നില അതീവ ഗുരുതരാവസ്ഥയിലെത്തുകയും അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടു,. കോവിഡ് മുക്‍തനാകുകയും ചെയ്‌തു. എന്നാല്‍ ശ്വാസകോശത്തിന് ഗുരുതരമായ തകരാര്‍ ബാധിച്ചിരുന്നു.

ഇന്ന് ഉച്ചയോടെ അടുത്ത ബന്ധുക്കള്‍ ആശുപത്രിയിലെത്തി. ആശുപത്രിക്ക് പുറത്ത് കനത്ത പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. അതിന് ശേഷമായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ വിയോഗവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :