നിഹാരിക കെ.എസ്|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (12:40 IST)
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ.
തുടർച്ചയായി രണ്ട് 100 കോടി ചിത്രങ്ങളാണ് പ്രദീപിന്റെ കയ്യിലുള്ളത്. നിർമാതാക്കൾക്ക് മുടക്കുമുതൽ ഈസിയായി തിരിച്ചുനൽകുന്ന പ്രദീപിന് ഇപ്പോൾ മാർക്ക് ഏറുകയാണ്. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ പ്രദീപ് രംഗനാഥൻ അഭിനയിക്കുന്നത്.
സിനിമയുടെ പൂജ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റു നായികമാർ. പുഷ്പ, ജനത ഗാരേജ് തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്രൂ, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
അതേസമയം, പ്രദീപിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ 108.54 കോടിയാണ്. ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 150 കോടിയാണ്. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.