പട്ടാളത്തില്‍ മമ്മൂട്ടിയെ നായികയാകാന്‍ ആദ്യം വിളിച്ചത് റീനുവിനെ, പിന്നീട് ടെസ ജോസഫിലേക്ക്; വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി തന്നെ റീനു എത്തി

രേണുക വേണു| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (16:41 IST)

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് പട്ടാളം. തിയറ്ററുകളില്‍ പട്ടാളം വലിയ ഹിറ്റായില്ലെങ്കിലും പില്‍ക്കാലത്ത് സിനിമ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയാണ് പട്ടാളത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ടെസ ജോസഫ് ആണ് പട്ടാളത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. ടെസയുടെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. എന്നാല്‍, ടെസയെ ആയിരുന്നില്ല പട്ടാളത്തിലേക്ക് നായികയായി ആദ്യം തീരുമാനിച്ചത്. റീനു മാത്യൂസിനെയാണ് ലാല്‍ ജോസ് പട്ടാളത്തിലെ നായിക വേഷത്തിനായി ആദ്യം ആലോചിച്ചത്. പട്ടാളത്തില്‍ അഭിനയിക്കാന്‍ റീനു അന്ന് സമ്മതം മൂളിയതുമാണ്. എന്നാല്‍, പിന്നീട് സിനിമ അഭിനയം തല്‍ക്കാലം വേണ്ടെന്നുവച്ച് റീനു ദുബായിലേക്ക് പറന്നു. അങ്ങനെയാണ് ലാല്‍ ജോസ് നായികയായി പിന്നീട് ടെസയെ തീരുമാനിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ജീവിതത്തിന്റെ തിരക്കുകള്‍ എല്ലാം നീക്കിവച്ച് റീനു വീണ്ടും സിനിമയിലേക്ക് എത്തി. അതും ലാല്‍ ജോസിലൂടെ തന്നെയാണ്. മാത്രമല്ല, മമ്മൂട്ടിയുടെ നായികയായി തന്നെ ! പട്ടാളം കഴിഞ്ഞ് ലാല്‍ജോസ് മമ്മൂട്ടിയെ വച്ച് ചെയ്ത സിനിമയാണ് ഇമ്മാനുവല്‍. ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി റീനു മാത്യൂസ് എത്തി. പട്ടാളത്തിലൂടെ നഷ്ടമായ അവസരം ഇമ്മാനുവലില്‍ റീനുവിനെ തേടിയെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :