ജോജു ജോര്‍ജിന്റെ പടമല്ലേ... വീട്ടിലെ തിയേറ്ററില്‍ 'മധുരം' കണ്ടു, നൂറു മാര്‍ക്കിന്റെ സിനിമയെന്ന് സംവിധായകന്‍ ഭദ്രന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (11:53 IST)

ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിച്ച ചിത്രമാണ് മധുരം. പ്രദര്‍ശനത്തിനെത്തി അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്.ജോജു ജോര്‍ജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നിയെന്ന് സംവിധായകന്‍ ഭദ്രന്‍.
ഭദ്രന്റെ വാക്കുകള്‍

ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ' മധുരം ' സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാന്‍ എന്ന് പറഞ്ഞു.

ജോജു ജോര്‍ജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്‌സിന്റെ പിറകില്‍ സ്വരുക്കൂട്ടിയെടുത്ത അര്‍ത്ഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാര്‍ക്കിന്റെ സിനിമ
അഹമ്മദ് കണ്‍ഗ്രാറ്റ്‌സ്. മേലിലും നിങ്ങളുടെ സിനിമകള്‍ക്ക് ഈ മധുരം ഉണ്ടാവട്ടെ.ജോജൂ... തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകില്‍ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല.ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദര്‍ഭങ്ങള്‍ നേരില്‍ കാണുമ്പോള്‍ പറയാം...


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :