അഭിറാം മനോഹർ|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (10:24 IST)
ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് അഞ്ജു പ്രഭാകര്‍. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മലയാളം സിനിമകളില്‍ താരം തിളങ്ങിയിരുന്നു. ദീര്‍ഘനാളായി അഭിനയലോകത്ത് നിന്നും വിട്ടുനില്‍ക്കുന്നതാരം അടുത്തിടെ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇതിനിടെ താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
17 വയസ്സുള്ളപ്പോള്‍ താന്‍ വിവാഹിതയായെന്നും എന്നാല്‍ ചതിയിലൂടെയാണ് പ്രമുഖ നടന്‍ തന്നെ വിവാഹം കഴിച്ചതെന്നും അഞ്ജു പറയുന്നു. പതിനേഴാം വയസ്സില്‍ താന്‍ എടുത്ത തീരുമാനം ജീവിതത്തെ തന്നെ ഇല്ലാതാക്കിയെന്നും താരം പറയുന്നു.ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ ഒരു സിനിമയുടെ നൂറുദിന ആഘോഷപരിപാടിയില്‍ എന്നെയും കൊണ്ടുപോയിരുന്നു. അങ്ങനെയാണ് സംവിധായകന്‍ മഹേന്ദ്രന് എന്നെ കണ്ട് ഇഷ്ടമാകുന്നത്. അതോടെ ബാലതാരമായി എനിക്ക് സിനിമയില്‍ അവസരം ലഭിച്ചു.
അങ്ങനെ ഒട്ടേറെ സിനിമകളില്‍ ബാലതാരമായതിന് ശേഷം തമിഴ്,മലയാളം,കന്നഡ,തെലുങ്ക് സിനിമകളില്‍ നായികയാകാനായി. എന്നാല്‍ എനിക്ക് 17 വയസ്സുള്ളപ്പോള്‍ ഒരു കന്നഡ
സിനിമ അഭിനയിക്കാനായി ബാംഗ്ലൂരിലേക്ക് പോയതോടെ എന്റെ ജീവിതം തന്നെ മാറിപോയി. അന്ന് കന്നഡ സിനിമയില്‍ ഹീറോയായിരുന്ന ടൈഗര്‍ പ്രഭാകറിനോട് പ്രണയമായി. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് എന്റെ പ്രണയം പറയുകയും വിവാഹം ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
എന്നാല്‍ അന്ന് നടന്‍ മൂന്ന് വിവാഹങ്ങള്‍ കഴിച്ചിരുന്നുവെന്നും ഇതില്‍ എന്റെ പ്രായത്തില്‍ വരുന്ന മക്കളുണ്ടെന്നോ എനിക്ക് അറിയാമായിരുന്നില്ല. ഇക്കാര്യം മറച്ച് വെച്ചുകൊണ്ട് അദ്ദേഹം എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അന്നെനിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ഒരു വിവാഹത്തിന് ഞാന്‍ തയ്യാറായിരുന്നില്ല. എനിക്ക് 17ഉം പ്രഭാകറിന് 50 വയസ്സുമായിരുന്നു അന്ന്. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരത് വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്കുകള്‍ കേള്‍ക്കാതെ ഞാന്‍ വീട് വിട്ടിറങ്ങി. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം അഞ്ജു പറയുന്നു.
എന്നാല്‍ ഇതിനെല്ലാം ശേഷം പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപോയി. ഇക്കാര്യം മറച്ചുവെച്ച് കൊണ്ട് എന്നെ ചതിച്ചതാണെന്ന് കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു. എല്ലാം അറിഞ്ഞപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായിരുന്നു. കൂടെ കഴിയാന്‍ താത്പര്യമില്ലാത്തതിനാല്‍ സ്വര്‍ണം പോലും എടുക്കാതെയാണ് അവിടെ വിട്ടിറങ്ങിയത്. അതിന് ശേഷം ഡിപ്രഷനില്‍ ആയിരുന്നെന്നും പതിയെ സീരിയലുകളില്‍ സജീവമാകുകയാണെന്നും അഞ്ജു പറഞ്ഞു.
1996ല്‍ ആയിരുന്നു ടൈഗര്‍ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. അടുത്ത വര്‍ഷം തന്നെ ഇവര്‍ വേര്‍പിരിഞ്ഞു.ഈ ബന്ധത്തില്‍ ഇവര്‍ക്ക് അര്‍ജുന്‍ പ്രഭാകര്‍ എന്നൊരു മകനുണ്ട്. 2001ല്‍ ടൈഗര്‍ പ്രഭാകരനും മരണപ്പെട്ടിരുന്നു.