ചെയ്തത് എല്ലാം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമകള്‍, പക്ഷേ സ്വന്തം അമ്മയുടെയും ഭാര്യയുടെയും മനസ്സ് കാണാന്‍ ജോര്‍ജിനായില്ല: സല്‍മ ജോര്‍ജിന്റെ പഴയകാല പ്രതികരണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (18:48 IST)
മലയാള സിനിമയുടെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ കെ ജി ജോര്‍ജ് വിടവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. മലയാള സിനിമയില്‍ സ്ത്രീയെ ഒരു വസ്തുവായി കാണാതെ കൃത്യമായ പ്രാധാന്യത്തോട് കൂടി യാതൊരു മുന്‍വിധികളുമില്ലാതെ സമീപിച്ച സംവിധായകന്‍ ഒരു പക്ഷേ കെ ജി ജോര്‍ജ് മാത്രമായിരിക്കും. സ്ത്രീപക്ഷ സിനിമകളെന്ന് പറയാവുന്ന ചിത്രങ്ങളാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമകളില്‍ അധികവും. എങ്കിലും ജീവിതത്തില്‍ ചുറ്റുമുള്ള സ്ത്രീകളെ മനസ്സിലാക്കുന്നതില്‍ കെ ജി ജോര്‍ജ് ഒരു പരാജയമായിരുന്നുവെന്ന് ഭാര്യയായ സല്‍മ ജോര്‍ജ് വ്യക്തമാക്കുന്നുണ്ട്.

കെ ജി ജോര്‍ജിന്റെ ജീവിതത്തെയും സിനിമകളെയും പറ്റി ലിജിന്‍ ജോര്‍ജ് ഒരുക്കിയ 8 1/2 ഇന്റര്‍കട്ട്‌സ് എന്ന ഡോക്യുമെന്ററിയിലാണ് കെ ജി ജോര്‍ജിന്റെ വ്യക്തിജീവിതത്തെ പറ്റി ഭാര്യയായ സല്‍മ ജോര്‍ജ് വ്യക്തമാക്കുന്നത്. കെ ജി ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് ജോര്‍ജിന്റെ വ്യക്തിജീവിതത്തെ പറ്റി സല്‍മ വിമര്‍ശനം ഉന്നയിക്കുന്നത്. ആരോടും പ്രത്യേകിച്ച് അടുപ്പമോ സെന്റിമെന്റുകളോ ഇല്ലാത്ത ഒരു വ്യക്തിയാണ് ജോര്‍ജ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ്. സെക്‌സും വേണം നല്ല ഭക്ഷണവും വേണം എന്നതിലപ്പുറം ആരോടും ഒരു പ്രതിപത്തിയും ജോര്‍ജ് പുലര്‍ത്തിയിരുന്നില്ല.

സിനിമകള്‍ കാണുമ്പോള്‍ മൂക്കെല്ലാം ചീറ്റി കരഞ്ഞ് വലിയതോതില്‍ ജോര്‍ജ് വികാരാധീനനാവും. എന്നാല്‍ ആ ഫീലിങ്ങ്‌സ് എന്തുകൊണ്ട് സ്വന്തം വീട്ടുകാരോട് ഉണ്ടാകുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. സിനിമ, സ്ത്രീകള്‍ എന്നതില്‍ മാത്രമായിരുന്നു കെ ജി ജോര്‍ജിന് താത്പര്യം ഉണ്ടായിരുന്നത്. അങ്ങനെയുള്ളവര്‍ കല്യാണം കഴിക്കാന്‍ പാടില്ല. അത്തരത്തിലുള്ളവര്‍ അങ്ങനെയുള്ള ജീവിതശൈലിയുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. വിവാഹം കഴിച്ച് മറ്റൊരു പെണ്ണിന്റെ ജീവിതം കളയാന്‍ പാടില്ല. രസം അതല്ല മൂന്ന് കാമുകിമാരെ വിട്ടിട്ട് നാലമത് എന്റെ തലയില്‍ വന്നു എന്നുള്ളതാണ്. ദൈവം എന്റെ തലയില്‍ എഴുതിവെച്ചതാണ് നിനക്ക് ഇവന്‍ വന്നെങ്കിലെ ശരിയാകു എന്നത്. കെ ജി ജോര്‍ജിന്റെ കൂടെയിരുന്നു കൊണ്ടാണ് സല്‍മയുടെ വിമര്‍ശനങ്ങളത്രയും. ചെറിയ ഇടപെടലുകള്‍ കെ ജി ജോര്‍ജ് സംഭാഷണത്തിനിടെ നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യയുടെ വാദങ്ങളെ ഒരിക്കലും കെ ജി ജോര്‍ജ് തള്ളിപറയുന്നില്ല. താത് അത്തരത്തില്‍ ആയിപ്പോയി എന്ന് മാത്രമാണ് കെ ജി ജോര്‍ജ് ഇക്കാര്യങ്ങളോട് പ്രതികരിക്കുന്നത്.

കല്യാണം കഴിക്കേണ്ടി വന്നു. കുട്ടികളുണ്ടായപ്പോള്‍ വളര്‍ത്തി വലുതാക്കി എന്നതില്‍ കവിഞ്ഞ് കാര്യമായ ഇമോഷന്‍സ് ആരോടും ഉണ്ടായിരുന്നില്ലെന്നും ഡോക്യുമെന്ററിയില്‍ കെ ജി ജോര്‍ജ് പറയുന്നു. ഡോക്യുമെന്ററി യൂട്യൂബില്‍ ലഭ്യമാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമാണ് ഡോക്യുമെന്ററി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :