സിനിമാ മേഖല തന്റെ കഴിവിനോട് നീതി കാണിച്ചില്ല, ചലച്ചിത്രോത്സവവേദിയില്‍ പൊട്ടിക്കരഞ്ഞ് സണ്ണി ഡിയോള്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (16:56 IST)
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വികാരാധീനനായി ബോളിവുഡ് താരം സണ്ണി ഡിയോള്‍. ചലച്ചിത്രോത്സവവേദിയില്‍ സിനിമാ മേഖലയിലെ തന്റെ യാത്രയെ പറ്റി സംസാരിക്കുന്നതിനിടെയാണ് താരം കരഞ്ഞത്. ഗദ്ദറിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഒരു കഷ്ടപ്പെട്ടകാലം തനിക്കുണ്ടായി എന്നും ആ ചിത്രത്തിന് ശേഷം തിരക്കഥകള്‍ തനിക്ക് ലഭിച്ചില്ലെന്നും സണ്ണി ഡിയോള്‍ പറഞ്ഞു.

ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ മനോഹരമായ ചിത്രങ്ങള്‍ ലഭിച്ചു. അതില്‍ ചിലത് വിജയങ്ങളായി ചിലത് പരാജയങ്ങളും. എന്നാലും അതിലെ കഥാപാത്രങ്ങളിലൂടെ ഞാന്‍ ഓര്‍ക്കപ്പെടുന്നു. ഗദ്ദറിന് ശേഷം ശരിക്കും ഞാന്‍ കഷ്ടപ്പെട്ടു. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ചെയ്‌തെങ്കിലും വീണ്ടുമൊരു ബ്രെയ്ക്ക് ലഭിക്കാന്‍ 20 കൊല്ലത്തെ ഇടവേള വേണ്ടിവന്നു. ഞാന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

ഒരു അഭിനേതാവാകണമെന്ന ആഗ്രഹത്തിലാണ് സിനിമയിലേക്ക് വന്നത്. സ്റ്റാര്‍ ആകണമെന്ന് ഒരിക്കലും കരുതിയിട്ടില്ല. അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത്തരത്തിലുള്ള സിനിമകളായിരുന്നു ലക്ഷ്യം. സണ്ണി ഡിയോള്‍ പറഞ്ഞു. അതേസമയം സണ്ണി ഡിയോളിനോട് സിനിമാലോകം നീതി പുലര്‍ത്തിയില്ലെന്ന രാജ്കുമാര്‍ സന്തോഷി അഭിപ്രായപ്പെട്ടപ്പോള്‍ ആ സമയത്ത് സണ്ണി ഡിയോള്‍ വേദിയില്‍ കരയുന്നതും ദൃശ്യമായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :