Bigboss Season6: വരുന്നത് ബിഗ് ബോസ് സീസൺ 6? അതോ അൾട്ടിമേറ്റോ?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂലൈ 2023 (15:01 IST)
നീണ്ട 100 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ്‌ബോസ് സീസണ് അഞ്ചിന് വിജയിയെ കണ്ടെത്തിയിരിക്കുകയാണ്. അഖില്‍ മാരാര്‍ ഒന്നാം സ്ഥാനത്ത് വിജയിയായപ്പോള്‍ റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ബിഗ്‌ബോസിന്റെ ഒരു സീസണ് കൂടി അവസാനമായിരിക്കെ സീസണ് ആറിന്റെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ബിഗ്‌ബോസ് ഷോയുടെ അവതാരകന്‍ കൂടിയായ പ്രിയതാരം മോഹന്‍ലാല്‍. അഞ്ചാം സീസണ്‍ അവസാനിക്കുമ്പോള്‍ ആറാം സീസണിനെ പറ്റിയുള്ള ചര്‍ച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്.

സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന വിശേഷണത്തോടെയാണ് ഈ സീസണ്‍ ബിഗ്‌ബോസ് ആരംഭിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയടക്കം 21 മത്സരാര്‍ഥികളാണ് ഈ സീസണില്‍ ഉണ്ടായിരുന്നത്. പുതിയ സീസണില്‍ ആരെല്ലാമായിരിക്കും മത്സരാര്‍ഥികളെന്ന ആകാംക്ഷ നിലനില്‍ക്കെ ആറാം സീസണ്‍ ബിഗ്‌ബോസിലെ മുന്‍ മത്സരാര്‍ഥികള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ബിഗ്‌ബോസ് അള്‍ട്ടിമേറ്റ് ആയിരിക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഹിന്ദി, തമിഴ് ബിഗ്‌ബോസുകളില്‍ ഇതിന് മുന്‍പ് ഇത്തരത്തില്‍ നടന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ സാബു, രജിത് കുമാര്‍,രഞ്ജിനി,പേളി മാണി,കിടിലന്‍ ഫിറോസ്,റിയാസ്,ഷിയാസ് കരീം
എന്നിവരടക്കം 15-18 പേരടങ്ങിയവരായിരിക്കും മത്സരാര്‍ഥികളായി എത്തുക. ഇതില്‍ തന്നെ പലരും പങ്കെടുക്കുമോ എന്നതില്‍ ഉറപ്പില്ലെങ്കിലും ബിഗ്‌ബോസ് മുന്‍ സീസണുകളിലെ പ്രധാന മത്സരാര്‍ഥികള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകും എന്നതില്‍ തര്‍ക്കമില്ല. എന്തായാലും സീസണ് 6 മാത്രമെ ഇപ്പോള്‍ അനൗണ്‍സ് ചെയ്തിട്ടുള്ളു. അത് അള്‍ട്ടിമേറ്റ് ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിന് പറ്റി വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :