മോഹന്‍ലാല്‍ മുഴുവന്‍ കഥയും കേട്ടിരുന്നു,ജാനകി ജാനെയുടെ ആദ്യ പ്രിവ്യു കഴിഞ്ഞപ്പോള്‍... പിന്നെ നടന്നത്, സംവിധായകന്‍ അനീഷ് ഉപാസന പറയുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 മെയ് 2023 (11:08 IST)
സംവിധായകന്‍ ഒരുക്കിയ ജാനകി ജാനേ ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. സിനിമയുടെ സംഭവിച്ചതിന് പിന്നിലെ എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ,ഷെഗ്‌ന,ഷെര്‍ഗ്ഗ എന്ന മൂന്ന് സഹോദരിമാര്‍ക്ക് അദ്ദേഹം നന്ദിയും പറയുന്നു.ആദ്യ പ്രിവ്യു കഴിഞ്ഞപ്പോള്‍ സിനിമയ്ക്ക് ലഭിച്ച അഭിപ്രായങ്ങള്‍ എന്താണെന്ന് സംവിധായകന്‍ തന്നെ തുറന്ന് പറയുകയാണ്.

അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

പുലര്‍ച്ചെ കണ്ട മനോഹരമായ ഒരു സ്വപ്നം..!
ആ സ്വപ്നത്തിന്റെ ആദ്യ പ്രദര്‍ശനമാണിന്ന്...

മലയാളത്തിന് സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് - എസ് ക്യൂബിനുമൊപ്പം സിനിമ ചെയ്യുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമാണ്..

ഞാന്‍ കണ്ട ഒരു പകല്‍ സ്വപ്നം ഒരു കഥയായി പറഞ്ഞപ്പോള്‍ ഇത് ഞങ്ങള്‍ നിര്‍മ്മിക്കാം എന്ന പറഞ്ഞ് മുന്നിലേക്കിറങ്ങിയ എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ,ഷെഗ്‌ന,ഷെര്‍ഗ്ഗ എന്ന മൂന്ന് സഹോദരിമാരാണ് എന്റെ ഈ കൊച്ചു സ്വപ്നത്തെ യാഥാര്‍ഥ്യമാക്കിയവര്‍..
അത്‌കൊണ്ട് തന്നെ, നന്ദി പറഞ്ഞ് തുടങ്ങിയാല്‍ വാക്കിലും വരികളിലും ഒരിക്കലും ഒതുങ്ങില്ല..!

ആദ്യ പ്രിവ്യു കഴിഞ്ഞപ്പോള്‍ അച്ഛനോട് അഭിപ്രായം ചോദിക്കാം എന്ന് ഷെര്‍ഗ്ഗ പറഞ്ഞപ്പോള്‍ ഉള്ളില്‍ നെഞ്ചിടിപ്പായിരുന്നു..

മലയാളത്തിന്റെ അങ്ങാടിയും വടക്കന്‍ വീരഗാഥയും അച്ചുവിന്റെ അമ്മയും പോലുള്ള ഗംഭീര സിനിമകളെടുത്ത് ഓരോ പ്രേക്ഷകന്റെയും ആസ്വാദന ശേഷിക്ക് ഭംഗം വരുത്താതെ മനോഹരമായ കുടുംബചിത്രങ്ങള്‍ നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയാണ് പി വി ഗംഗാധരന്‍.

ഡയറക്ടര്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ ഇരുണ്ട വെളിച്ചത്തിലൂടെ അല്‍പ്പം ഭയത്തോടെ ഞാന്‍ അടുത്തേക്ക് ചെന്നു..

'ഗംഭീര സിനിമ' എന്ന് ഒറ്റവാക്കില്‍ പറഞ്ഞെന്നെ ചേര്‍ത്ത്പിടിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞ് തുടങ്ങിയിരുന്നു.

കഥ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പി വി ജി സാറിന്റെ പത്‌നിയും കൂടെ കൂട്ടിച്ചേര്‍ത്ത് പറഞ്ഞപ്പോള്‍..
സിനിമ മാത്രം നെഞ്ചില്‍ ചേര്‍ത്ത് വെച്ച് കൊച്ചിയിലേക്ക് വണ്ടി കയറിയ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.
ഒരു പാട് നന്ദി..

ചിത്രീകരണത്തിന് മുന്നേ ജാനകിജാനെയുടെ കഥ മുഴുവനും ക്ഷമയോടെ കേട്ടിരുന്ന് Wish you good luck എന്ന് ഹൃദയത്തില്‍ തൊട്ട് പറഞ്ഞ എന്റെ പ്രിയപ്പെട്ട ലാല്‍ സാര്‍..നന്ദി...!

ഇത് എന്നെഴുതിക്കഴിയും എന്ന് എല്ലാ ദിവസവും ചോദിക്കുന്ന അമ്മയോട്. കൂടെ നിന്ന സഹോദരനോട്...ബന്ധുക്കളോട് ...എന്റെ നാട്ടുകാരോട്..നന്ദി...

എടുത്ത് പറയാന്‍ ഒരു പാട് ആളുകളുണ്ട്..
ഞാന്‍ കണ്ട സ്വപ്നത്തെ മനോഹരമായ രീതിയില്‍ തന്നെ ചിത്രീകരിക്കാന്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഹാരിസ് ദേശം, റത്തീന, ശ്യാമപ്രകാശ്, രഘുരാമവര്‍മ, സമീറസനീഷ്, ജ്യോതിഷ് ശങ്കര്‍, ശ്രീജിത്ത് ഗുരുവായൂര്‍, അനില്‍ നാരായണന്‍, നൗഫല്‍ അബ്ദുള്ള, അമല്‍, കൈലാസ് മേനോന്‍, സിബി മാത്യു അലക്‌സ്..രാജാകൃഷ്ണന്‍ സാര്‍,ഗ്രാഷ്,അഭി,നിശ്ചല്‍വിജയ്, ആനന്ദ് അങ്ങനെ ..പറഞ്ഞാല്‍ തീരാത്ത അത്രേം പേരുകളുണ്ട്. .

ഏത് നട്ടപ്പാതിരയ്ക്കും എന്റെ തീരുമാനങ്ങളുടെയും ചിന്തകളുടെയും കൂടെ സഞ്ചരിച്ച കണ്ണനും റമീസും ആണ് ഈ സിനിമയിലെ യഥാര്‍ത്ഥ ഹീറോസ്..! അവര്‍ കൂടെ ഇല്ലായിരുന്നെങ്കില്‍....
എന്ന് ഞാന്‍ ചിന്തിക്കില്ല..കാരണം അവരെന്നും എന്റെ കൂടെയുണ്ടാകും..അവരുടെ കൂടെ ഞാനും..

2 വര്‍ഷമായി ഈ കുഞ്ഞ്കഥയുടെ കൂടെ നിന്ന സൈജുവേട്ടാ...താങ്കളുടെ അഭിനയവും ഡിസിപ്ലിനും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്...മുത്തേ എന്നുള്ള വിളിയില്‍ തുടങ്ങിയ ബന്ധം ഇന്ന് സഹോദര തുല്യമാണെനിക്ക്..

എന്റെ മനസ്സില്‍ തെളിഞ്ഞ കഥാപാത്രമായ ജാനകിയായി, നവ്യ നായര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ എനിക്കുണ്ടായ ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു..നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് മുന്നിലേക്ക് പോകാം അനീഷ് എന്ന് പറഞ്ഞാണ് നവ്യ ആദ്യ രംഗത്തിന്റെ ചിത്രീകരണത്തിലേക്ക് കടന്നത്.

എന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ജോണി ആന്റണി, കോട്ടയം നസിര്‍ , ഷറഫുദ്ധീന്‍ , അനാര്‍ക്കലി...
പ്രമോദേട്ടന്‍, ജെയിംസ് ഏലിയാ, ജോര്‍ജ് കോര, സ്മിനു സിജോ, അഞ്ജലി ,ജോര്‍ഡി പൂഞ്ഞാര്‍ , ദീപ കര്‍ത്താ , ഷൈലജ കൊട്ടാരക്കര ,അന്‍വര്‍ , മണികണ്ഠന്‍.റിന്റോ..etc എല്ലാവരോടും നന്ദി

ജാനകി ജാനെയുടെ ലൊക്കേഷന്‍ മാനേജരായി കൂടെ നിന്ന് , ഒരു രാത്രി കൊണ്ട് നടനായി മാറിയ വ്യക്തിയാണ് ഷംനാസ്..
ഞങ്ങള്‍ തമ്മില്‍ മുന്‍കാല പരിചയമൊന്നുമില്ല..പക്ഷെ എന്തോ എനിക്കവനെ വലിയ ഇഷ്ട്ടമാണ്..
ജാനകി ജാനെക്ക് ശേഷം ആളുകള്‍ നിന്നെ തിരിച്ചറിയുന്നത് കാണാനായി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍..

ഒരിക്കല്‍ക്കൂടി ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു..

'ജാനകി നിങ്ങളെ നിരാശപ്പെടുത്തില്ല..'

ഇത് വാക്കാണ്..വിശ്വസിക്കാം..

അനീഷ് ഉപാസന





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :