അണുബാധ സ്ഥിതി ഗുരുതരമാക്കി, ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി; വില്ലനായത് കോവിഡ്

രേണുക വേണു| Last Modified ബുധന്‍, 29 ജൂണ്‍ 2022 (11:18 IST)

നടി മീനയുടെ ജീവിതപങ്കാളി വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് വിദ്യാസാഗര്‍ അന്തരിച്ചത്. വിദ്യാസാഗറിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളായത്. കോവിഡാനന്തരം ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടു പോകുകയായിരുന്നു.

2009 ജൂലൈ 12 നാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവര്‍ക്കും നൈനിക എന്ന് പേരുള്ള മകളുണ്ട്. 13-ാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിദ്യാസാഗറിന്റെ മരണം. അടുത്ത മാസം 12 ന് ഇരുവരും ഒന്നായിട്ട് 13 വര്‍ഷം തികയാനിരിക്കെയാണ് മീനയെ തനിച്ചാക്കി വിദ്യാസാഗര്‍ ജീവിതത്തോട് വിടപറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :