യാത്രി ജെസെന്‍|
Last Modified ശനി, 21 ഫെബ്രുവരി 2015 (17:48 IST)
മരണം എന്ന യാഥാര്‍ത്ഥ്യത്തെ ഏതുനിമിഷവും വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആഹ്ലാദകരമായ ഒരു കളിയായിരിക്കുന്നു. 'ഇത്തവണയും നിങ്ങള്‍ ജയിച്ചു' എന്ന് ഡോക്ടര്‍ പറയുമ്പോള്‍ ജേതാവിന്‍റെ തലയെടുപ്പോടെയാണ് ഞാന്‍ ഈയിടെയായി ചിരിക്കാറുള്ളത്.
വേദന തിന്നുതിന്നുള്ള മരണം ഒരര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുവേണം കരുതാന്‍. ജനിക്കുമ്പോള്‍ നമ്മള്‍ വേദനയൊന്നും അറിയുന്നില്ല. അപ്പോള്‍ മുതല്‍ മറ്റുള്ളവര്‍ക്ക് വേദനകൊടുക്കാന്‍ മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. മരിക്കുമ്പോഴെങ്കിലും കുറച്ച് വേദന അനുഭവിക്കട്ടെ എന്ന് കരുതുന്നു.
എന്തായാലും മരണവുമായുള്ള എന്‍റെയീ ബലാബലപരീക്ഷണം തന്നെയാണ് 'ഫയര്‍മാന്‍' എന്ന പുതിയ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായത്. ആ സിനിമ പറയുന്നതും, ഏതുനിമിഷവും കടന്നെത്താവുന്ന മരണത്തേക്കുറിച്ചാണ്. വീല്‍ചെയറില്‍ തിയേറ്ററിലേക്ക് കയറിയ ഞാന്‍ ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഫയര്‍മാന്‍ കണ്ടത്.
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിവസം കാണാനുള്ള എന്‍റെ ശ്രമം തടഞ്ഞത് എന്‍റെ ശരീരം തന്നെയാണ്. കടുത്ത ശ്വാസതടസം. ഒടുവില്‍ ഡോക്ടര്‍ ബിജോയ് എത്തി ആ മാസ്ക് മുഖത്ത് അണിയിച്ചപ്പോഴാണ് പ്രാണനുവേണ്ടിയുള്ള പിടച്ചിലൊന്ന് ശമിച്ചത്. അടുത്ത ദിവസം 'ഫയര്‍മാന്‍' കാണാന്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ 'വീടിന് പുറത്തിറങ്ങരുത്' എന്ന് ജോസഫിന്‍റെ ശകാരം ഫോണിലൂടെ. എന്‍റെ മനസറിയുന്ന അമ്മു പക്ഷേ എന്നെ തിയേറ്ററിലെത്തിച്ചു.
ഒരുപാടുകാലത്തിന് ശേഷമാണ് തിയേറ്ററില്‍ ഒരു സിനിമ കാണുന്നത്. മമ്മൂട്ടി പഴയതുപോലെതന്നെ. ഊര്‍ജ്ജസ്വലന്‍. സിനിമയെ അപ്പാടെ തോളിലേറ്റി നില്‍ക്കയാണ്. വാതകച്ചോര്‍ച്ച മൂലം ഏത് നിമിഷവും ഒരു നാടുമുഴുവന്‍ വെന്ത് വെണ്ണീറാകുമെന്ന സാഹചര്യമിരിക്കെ റെസ്ക്യൂ ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ക്യാപ്ടന്‍ വിജയ് ആയി മമ്മൂട്ടി ഗംഭീര പ്രകടനം നടത്തിയിരിക്കുന്നു.
ദീപു മുമ്പ് ചെയ്ത വിന്‍ററും തേജാഭായിയും ദിലീപിന്‍റെ ഒരു ചിത്രവുമൊക്കെ എന്‍റെ ഓര്‍മ്മയിലുണ്ട്. അവയൊന്നും ആ ചെറുപ്പക്കാരന്‍റെ കാലിബറിനൊത്ത് ഉയര്‍ന്ന ചിത്രങ്ങളല്ല എന്ന അഭിപ്രായമായിരുന്നു എനിക്ക്. എന്തായാലും ഫയര്‍മാനിലൂടെ വലിയ സിനിമകളും വിജയങ്ങളും സൃഷ്ടിക്കാനുള്ള കെല്‍പ്പ് തനിക്കുണ്ടെന്ന് ദീപു തെളിയിച്ചിരിക്കുകയാണ്.
മലയാളത്തില്‍ പലര്‍ക്കും പാളുന്നത് ഗ്രാഫിക്സ് ചെയ്യുമ്പോഴാണ്. ബജറ്റൊക്കെ പരിമിതമായിരിക്കുമല്ലോ. എന്തായാലും അത്തരം കുഴപ്പങ്ങളൊന്നും ഫയര്‍മാനില്ല. ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്സ് ആണ് സിനിമയിലേത്.
കഥ കൂട്ടിക്കെട്ടി വന്നപ്പോള്‍ ഇടയ്ക്കിടെ ചില പാളിച്ചകളൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ, മൊത്തത്തില്‍ ഫയര്‍മാന്‍ പകരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. മമ്മൂട്ടിയുടെ ഹീറോ പരിവേഷം ബൂസ്റ്റ് ചെയ്യാനുള്ള ചില ശ്രമങ്ങളൊക്കെ കല്ലുകടിയാകുന്നുണ്ടെങ്കിലും അതൊക്കെ ക്ഷമിക്കാം. വലിയ ദുരന്തസ്ഥലത്ത് എങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കുന്ന ഒരു സിനിമയാണിത്. ഉദ്യോഗസ്ഥര്‍ ജോലിയോട് കാണുക്കേണ്ടുന്ന ഉത്തരവാദിത്തത്തേക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള പരാതികളൊക്കെ നായകന്‍ തിരിച്ചറിഞ്ഞ് വിളിച്ചുപറയുന്നത് കൈയടിക്ക് വക നല്‍കുന്നു.
കൂടുതല്‍ നിരൂപണങ്ങള്‍ക്ക്
ബുക്ക് മൈ ഷോയിലേക്ക്
ഇതുവരെ പറഞ്ഞുപഴകിയ കഥാപരിസരങ്ങളില്‍നിന്നുള്ള മാറ്റം ഈ സിനിമയ്ക്ക് ഗുണമായിട്ടുണ്ട്. മമ്മൂട്ടി കഴിഞ്ഞാല്‍ സലിംകുമാറും നായിക
നൈല ഉഷയും നന്നായി. എന്നാല്‍ ഉണ്ണിമുകുന്ദന് പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിഞ്ഞില്ല.
ഒരു നല്ല സിനിമ കണ്ട തൃപ്തിയോടെയാണ് സിനിമ കണ്ടിറങ്ങിയത്. വലിയ ഇടവേളയ്ക്ക് ശേഷം വെബ്‌ദുനിയയ്ക്ക് ഇങ്ങനെ ഒരു കുറിപ്പ് നല്‍കാനും കഴിഞ്ഞു. രാത്രിയില്‍ ജോസഫ് ജെസെന്‍ വിളിച്ച് ഒരേ ചീത്ത. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാത്തതിന്. ദേഷ്യത്തില്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ഞാന്‍ വിച്ചുവിനോട് പറഞ്ഞു - "നിങ്ങളുടെ അപ്പയോട് പറഞ്ഞേക്ക്, അയാള്‍ടെ ഇപ്പോഴത്തെ ഭാര്യയെ വഴക്കുപറഞ്ഞാ മതീന്ന്".
റേറ്റിംഗ്: 4/5