കോണ്‍ഗ്രസില്‍ കലാപം, തൃശൂരില്‍ കൂട്ടരാജി

തൃശൂര്‍| WEBDUNIA|
PRO
പുനഃസംഘടന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്ടിക്കുകയാണ്. ഒ അബ്ദുറഹ്മാന്‍ കുട്ടിയെ ഡി സി സി പ്രസിഡന്‍റാക്കിയതില്‍ പ്രതിഷേധിച്ച് തൃശൂരിലെ 14 ഡി സി സി ഭാരവാഹികള്‍ രാജിവച്ചു. ഐ വിഭാഗം ഭാരവാഹികളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

12 ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്‍റും ട്രഷററുമാണ് രാജിവച്ചിരിക്കുന്നത്. രാജിക്കത്തുകള്‍ ഡി സി സി പ്രസിഡന്‍റ് വി ബലറാമിന് കൈമാറിയിരിക്കുകയാണ്. ഉടന്‍ തന്നെ രാജിക്കത്തുകള്‍ കെ പി സി സി അധ്യക്ഷന് കൈമാറും.

പുനഃസംഘടന സംബന്ധിച്ച ഹൈക്കമാന്‍ഡ്‌ തീരുമാനം മാറില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലേക്ക്‌ അത് മാറരുതെന്നും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്.

വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജനുവരി മൂന്നിനുള്ളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കണമെന്ന്‌ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. എന്നാല്‍ ഒ അബ്ദുറഹ്മാന്‍ കുട്ടി ഡി സി സി പ്രസിഡന്‍റായി സ്ഥാനമേറ്റാല്‍ ഉടന്‍ ബ്ലോക്ക് - മണ്ഡലം ഭാരവാഹികള്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :