സോണിയ അന്ന് പറഞ്ഞു: മക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിലും ഭേദം യാചകരാകുന്നത്!

WEBDUNIA|
PTI
PTI
മുന്‍‌ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധി ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയും രാജ്യം ഭരിക്കുന്ന യുപിഎയുടെ ചെയര്‍പേഴ്സണും ആണ്. ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യയാണ് സോണിയയെന്ന് മാധ്യമങ്ങളും സമ്മതിക്കുന്നു. നാം ഇന്നറിയുന്ന സോണിയയുടെ, അത്ര പരിചിതമല്ലാത്ത പഴയകാലത്തെക്കുറിച്ച് പരാമര്‍ശിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ തവ്‌ലീന്‍ സിംഗ് തന്റെ പുസ്തകത്തിലൂടെ. ‘ദര്‍ബാര്‍‘ എന്ന തന്റെ പുസ്തകത്തില്‍ ഗാന്ധി കുടുംബത്തെക്കുറിച്ച് പറയുന്ന സിംഗ്, രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് തന്നെ രാജീവിനെ തനിക്ക് പരിചയമുണ്ടായിരുന്നു എന്നും എഴുതുന്നു.

70-കളില്‍ വിലപിടിപ്പുള്ള ഷാതൂഷ് ഷാളുകളും രോമക്കുപ്പായങ്ങളും ശേഖരിക്കുന്നതില്‍ താല്പര്യം പുലര്‍ത്തി, രാജീവിനും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം ജീവിച്ച സ്ത്രീ- അതായിരുന്നു സോണിയ. തന്റെ മകളും മകനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിലും ഭേദം അവരെ യാചകരായി തെരുവില്‍ ഇറക്കുന്നതാണെന്ന സോണിയയുടെ തീക്ഷ്ണമായ നിരീക്ഷണം തവ്‌ലീന്‍ ഓര്‍ക്കുന്നു.

1975-ല്‍ ‘ദി സ്റ്റേസ്റ്റ്മാന്‍‘ പത്രത്തില്‍ ജോലിക്ക് കയറിയ സിംഗിന് ഡല്‍ഹിയില്‍ നല്ലൊരു രാഷ്ട്രീയ സൌഹൃദ വലയം ഉണ്ടായിരുന്നു. ഇന്ത്യയെ അത്രയേറെ സ്വാധീനിച്ച ഒരു പ്രധാനമന്ത്രിയുടെ പത്നിയ്ക്ക് അന്ന് തികച്ചും വ്യത്യസ്തമായ മുഖമായിരുന്നു എന്ന് സിംഗ് അടിവരയിടുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജൂണ്‍ മാസത്തിലെ പൊള്ളുന്ന ഒരു വൈകുന്നേരമാണ് രാജീവിനെയും സോണിയയെയും അവര്‍ ആദ്യമായി കണ്ടത്. ഒരു വിരുന്നില്‍ വച്ചായിരുന്നു അത്. അധികം ആരോടും ഇടപഴകാന്‍ ഇഷ്ടപ്പെടാതെ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു സോണിയ‍. ഒരിക്കല്‍ ഒരു പരിപാടിയില്‍ വച്ച് ഇറ്റലി മിസ് ചെയ്യുന്നുണ്ടോ എന്ന് സിംഗ് അവരോട് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി... ഭക്ഷണകാര്യത്തില്‍ മാത്രം ചിലപ്പോള്‍ തോന്നാറുണ്ട് എന്നും പറഞ്ഞു. അത്രമാത്രം.. ആ വിഷയത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ല എന്നായിരുന്നു സോണിയയുടെ സംസാരത്തില്‍ നിന്ന് സിംഗിന് വ്യക്തമായത്.

രാജീവ് പ്രധാനമന്ത്രിയായ തെരഞ്ഞെടുപ്പില്‍ സോണിയ യാതൊരു പങ്കും വഹിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ ഏറിയ ശേഷം സോണിയയുടെ ഷോപ്പിംഗിനെക്കുറിച്ച് ഗോസിപ്പുകള്‍ പരന്നു, പക്ഷേ അതില്‍ എത്രത്തോളം വാസ്തവം ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. ഹിന്ദി സംസാരിക്കുന്ന, അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യക്കാരിയായി മാറിയ ഇന്നത്തെ സോണിയയെ രൂപപ്പെടുത്തിയത് അവരുടെ കുടുംബത്തെ തുടരെ തുടരെ ഉലച്ച ദുരന്തങ്ങള്‍ ആയിരുന്നു എന്നാണ് സിംഗിന്റെ നിരീക്ഷണം.

വര്‍ഷങ്ങളോളം ഇന്ത്യക്കാരെ അടക്കി ഭരിച്ച വെള്ളക്കാര്‍ നമ്മളെക്കാള്‍ ഉയര്‍ന്ന നിലവാരം ഉള്ളവരാണെന്ന തോന്നലാവാം, രാജീവിന്റെ സൌദൃയ വലയത്തിന് സോണിയയെ എളുപ്പം അംഗീകരിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയെയാണ് രാജീവ് വിവാഹം ചെയ്തതെങ്കില്‍ ആഭിജാത്യവും പ്രതാപവും പറയുന്ന ആ സുഹൃത്തുക്കള്‍ അവരെ ഒതുക്കുമായിരുന്നു എന്നും സിംഗ് പറഞ്ഞുവയ്ക്കുന്നു.

1975-ലെ അടിയന്തരാവസ്ഥ, 1984-ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്, രാജീവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും 1991-ലെ അദ്ദേഹത്തിന്റെ വധവുമെല്ലാം ‘ദര്‍ബാര്‍’ എന്ന പുസ്തകത്തിലൂടെ സിംഗ് ഓര്‍ത്തെടുക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :