കസ്റ്റമര്‍കെയര്‍ കോളുകള്‍ ഇനി സൌജന്യമല്ല!

ജോയ്സ് ജോയ്

ചെന്നൈ| WEBDUNIA|
PRO
മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ കോള്‍ നിരക്കുകള്‍ ദിനംപ്രതി കുറച്ചപ്പോള്‍ ഇത്തരത്തിലൊരു ചതി ആരും പ്രതീക്ഷിച്ചില്ല. കസ്റ്റമര്‍ കെയര്‍ സെന്‍ററിലേക്ക് വിളിച്ച് സുന്ദരമായ ശബ്ദങ്ങളോട് സല്ലപിച്ചിരിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്താം. അത്യാവശ്യ കാര്യങ്ങള്‍ക്ക് കസ്റ്റമര്‍ കെയറിലേക്ക് ധൃതിപ്പെട്ട് വിളിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങള്‍ വിളിക്കുന്നത് സൌജന്യമായല്ല. മൂന്നു മിനിറ്റിന് 50 പൈസ വെച്ച് നിങ്ങള്‍ക്ക് നഷ്ടപ്പെടും.

ഇതു സംബന്ധിച്ച മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ടെല്‍, എയര്‍സെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളുടെ കസ്റ്റമര്‍ കെയറുകളിലേക്ക് വിളിക്കുമ്പോള്‍ ആദ്യം തന്നെ ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ഉദാഹരണത്തിന് എയര്‍ടെല്ലിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 121 എന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന സന്ദേശം നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 198 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാനാണ്. തുടര്‍ന്ന് ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് ((ഐ വി ആര്‍)കമ്പ്യൂട്ടര്‍ വോയ്സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍) നിങ്ങളെ സഹായിക്കാനെത്തും. ഈ സഹായം കൂടാതെ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവുമായി നിങ്ങള്‍ക്ക് നേരിട്ട് സംസാ‍രിക്കണമെങ്കില്‍ ഐ വി ആര്‍ നിര്‍ദ്ദേശിക്കുന്ന നമ്പറില്‍ നിങ്ങള്‍ക്ക് പ്രസ് ചെയ്യാം. അതിനു മുമ്പ് തന്നെ മൂന്നു മിനിറ്റിന് 50 പൈസ വെച്ച് നഷ്ടമാകുന്ന മുന്നറിയിപ്പ് ഉപയോക്താവിന് ലഭിക്കും.

എന്നാല്‍, ട്രായിയുടെ ഈ പുതിയ നിയമത്തെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അറിയില്ല എന്നുള്ളതാണ് സത്യം. അറിയില്ലാത്തതല്ല ട്രായിയും മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികളും ഇതു സംബന്ധിച്ച് ഒരു പൊതു വിജ്ഞാപനം ഇതുവരെ നടത്തിയിട്ടില്ല. പ്രീ-പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കാണ് ഈ നിയമം ബാധകം. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസങ്ങളില്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. പൊതുജനം ഇക്കാര്യം നേരത്തെ അറിയാത്തതിനാല്‍ എന്തെങ്കിലും ആവശ്യത്തിന് കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് പൈസ പോകുമ്പോള്‍ മാത്രമാണ് പുതിയ കാര്യത്തെക്കുറിച്ച് അറിയുക. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നവര്‍ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി അതാത് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ വെബ്സൈറ്റിനെ ആശ്രയിക്കുക എന്ന നിര്‍ദ്ദേശമാണ് ഉപയോക്താവിന് ലഭിക്കുക. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രാപ്യമാണ്.

അടുത്ത പേജില്‍ വായിക്കുക, ‘ട്രായി നിര്‍ദ്ദേശത്തിനു പിന്നില്‍’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :