കൌമാരം മൊബൈലില്‍ ആത്മഹത്യ ചെയ്യുന്നു!

ജോയ്സ് ജോയ്

ചെന്നൈ| WEBDUNIA|
PRO
അശ്ലീല ദൃശ്യങ്ങള്‍ മലയാളിയുടെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. എവിടെയും ഏതിലും എന്തിലും ഒരു അശ്ലീലച്ചുവ കണ്ടെത്തിയില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടുന്ന തലമുറയായി മാറിയിരിക്കുകയാണ് നവയുവത്വം. അവിടെ കളിക്കൂട്ടുകാരിയെന്നില്ല, ഓഫീസിലെ സഹപ്രവര്‍ത്തകയെന്നില്ല, സിനിമാതാരമെന്നില്ല...എന്തിനധികം സോണിയ ഗാന്ധിയെയും മീരാ കുമാറിനെയും പോലും ചിലര്‍ വെറുതെ വിടില്ല.

ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മാനസിക അര്‍ബുദമായി മൊബൈല്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ വിവരസാങ്കേതികവിദ്യകളിലായി ഈ അശ്ലീല ഭ്രമം പടര്‍ന്നു പിടിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്നും ശനിയാഴ്ച രാവിലെ മലയാളിയെ തേടിയെത്തിയ വാര്‍ത്തയും ഇതിന്‍റെ ഭാഗമായിരുന്നു. തന്‍റേതെന്ന് കരുതുന്ന അശ്ലീലച്ചിത്രം മൊബൈലിലും ഇന്‍റര്‍നെറ്റിലും പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അതിന് സ്കൂള്‍ അധികൃതരോ കുട്ടികളോ പുല്ലുവില നല്‍കിയിട്ടില്ല എന്നതിന് തെളിവാണ് സമീപകാല സംഭവവികാസങ്ങള്‍.

കണ്ണൂരിലെ സംഭവത്തിന് കാരണമായ അശ്ലീല ചിത്രത്തില്‍ പെണ്‍കുട്ടിയോടൊപ്പം അവളുടെ സഹപാഠിയായിരുന്നു ഉണ്ടായിരുന്നത്. ഇന്‍റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്കൂളില്‍ നിന്നും പെണ്‍കുട്ടിയെ പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ കൌമാരക്കാരെ കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ അധ്യാപകര്‍ക്ക് പിഴവ് പറ്റിയെന്ന് വേണം അനുമാനിക്കാന്‍. പ്രായത്തിന്‍റെ ചപലതയില്‍ വിരിയുന്ന തെറ്റിനെ പറഞ്ഞു മനസ്സിലാക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍, തന്‍റെ അശ്ലീലച്ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ തന്‍റേടത്തോടെ നിലകൊള്ളാന്‍ അവള്‍ക്ക് കഴിഞ്ഞേനെ. പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അവളുടെ കാമുകനോടൊപ്പം ആയിരുന്നു എന്നത് വാദങ്ങളെ ബലഹീനമാക്കുന്നെങ്കിലും മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും അശ്ലീല പ്രചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

സംഭവത്തില്‍ സ്കൂള്‍ അധികൃതരെയും സര്‍ക്കാരിനെയും വെറുതെ വിടാന്‍ കഴിയില്ല. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ദുരുപയോഗവും ഹയര്‍ സെക്കന്‍ഡറി, കോളജ്‌ എന്നിവിടങ്ങളില്‍ കാമറ ഫോണിന്‍റെ ദുരുപയോഗവും കണ്ടെത്തിയ സര്‍ക്കാ‍ര്‍ മൊബൈല്‍ ഫോണുകള്‍ക്ക് സ്കൂള്‍ കാമ്പസുകളില്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു. ഉത്തരവ് ഫലപ്രദമായില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ സ്കൂളുകളില്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും നിയമമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അറിയിച്ചിരുന്നു.

എന്നാല്‍ നിയമനിര്‍മ്മാണം നടന്നതായി അറിവില്ല. (ഇതിനെക്കുറിച്ചറിയാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്‍റെ മൊബൈല്‍ പരിധിക്ക് പുറത്തായിരുന്നു. ഓഫീസ് ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം സെക്രറ്റേറിയേറ്റില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ് എന്ന അറിയിപ്പാണ് ലഭിച്ചത്). ഇതു സംബന്ധിച്ച് ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പ്രതികരിച്ച ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഡോ സി പി ചിത്ര മൊബൈല്‍ ഫോണ്‍ എല്ലാ സ്കൂളുകളിലും നിരോധിച്ചതാണെന്ന് പറഞ്ഞെങ്കിലും നിരോധനം ഫലപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ചു. ഇത്തരം ആത്മഹത്യകള്‍ക്ക് പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും അവര്‍ പറഞ്ഞു.

ആര്‍ക്കും തള്ളിക്കളയാന്‍ കഴിയാത്ത പ്രസ്താവനയാണിത്. പൊതുസമൂഹത്തില്‍ ഒന്നാമതെത്തുന്നത് സ്വന്തം കുടുംബം തന്നെയാണ്. പിറന്നാള്‍ സമ്മാനമായും സ്റ്റാറ്റസ് പ്രശ്നമായും മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുമ്പോള്‍ അപമാനവും മരണഭീതിയുമാണ് പലപ്പോഴും വിലയ്ക്കു വാങ്ങുന്നതെന്നോര്‍ക്കുക. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഈ നിരോധനമൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പല സ്കൂള്‍ അധികൃതരുടെയും നിലപാട്.

അടുത്ത പേജില്‍ വായിക്കുക- വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ മൊബൈല്‍ കൊണ്ടുവരുന്നത് എന്തിന്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :