പേടിപ്പിക്കേണ്ടെന്ന് തേജസ് ദിനപത്രം!

Thejas
WEBDUNIA|
PRO
PRO
എന്‍ഡിഎഫ്‌ നിയന്ത്രണത്തിലുള്ള തേജസ്‌ ദിനപത്രം തീവ്രവാദികള്‍ക്കനുകൂലമായി നിലപാട്‌ സ്വീകരിക്കുന്നതായി ചൂണ്ടിക്കാണിച്ച്‌ കേന്ദ്ര ആഭ്യന്തരവകുപ്പിലെ ദേശീയോദ്ഗ്രഥന വിഭാഗം സംസ്ഥാന സര്‍ക്കാരിന്‌ കത്തയച്ചതായി റിപ്പോര്‍‌ട്ടിനോട് തേജസ് ദിനപത്രം ശക്തമായി പ്രതികരിച്ചു. തേജസില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വാര്‍ത്തകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും ഒരു വരിപോലും പ്രസ്തുത ആരോപണത്തിനു ബലം നല്‍കാനായി ചൂണ്ടിക്കാണിക്കാന്‍ പറ്റില്ലെന്നാണ് ശനിയാഴ്ചത്തെ എഡിറ്റോറിയലിലൂടെ പത്രം വ്യക്തമാക്കുന്നത്.

“ശ്രദ്ധിക്കപ്പെടാതെ മൂലയിലേക്കു വലിച്ചെറിയപ്പെടുന്ന പത്രമല്ല മറിച്ച്‌, സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന ഒന്നാണു തേജസ്‌ എന്ന അറിവ്‌ സന്തോഷജനകമാണ്‌. എന്നാല്‍, പത്രത്തിന്റെ വരികളിലൂടെ ഡല്‍ഹിയിലിരുന്നു നടത്തിയ നിരീക്ഷണങ്ങള്‍ക്കും കേരളസര്‍ക്കാരിനുള്ള മുന്നറിയിപ്പിനും എന്താണു പ്രകോപനം എന്നു പിടികിട്ടുന്നില്ല.”

“ഈ പത്രം സമുദായസൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തമാശയായിരിക്കാനേ തരമുള്ളൂ. തേജസിന്‌ ഒരു സമുദായത്തോടും കടുകിട വിദ്വേഷമോ വിരോധമോ ഇല്ലാതിരിക്കെ, അതിന്റെ ഇതിനകം അച്ചടിമഷി പുരണ്ട അക്ഷരക്കൂട്ടത്തില്‍നിന്ന്‌ ഒരു വരിപോലും പ്രസ്തുത ആരോപണത്തിനു ബലം നല്‍കാനായി ചൂണ്ടിക്കാണിക്കുക സാധ്യമല്ലെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്‌.”

“തേജസിന്റെ പിന്നണിശക്തികള്‍ക്കു മാറാട്‌ കലാപത്തില്‍ പങ്കുണ്ടെന്ന ചിലരുടെ കണ്ടെത്തലും ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്‌. സംഭവം അന്വേഷിച്ച കമ്മീഷന്‍ അങ്ങനെയൊരു അസംബന്ധം പറഞ്ഞിട്ടില്ല. യു.എസും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ഉറ്റചങ്ങാത്തത്തെ ഞങ്ങള്‍ നിശിതമായി എതിര്‍ക്കുന്നുവെന്നതു നേരാണ്‌. അതു മേലിലും തുടരുമെന്ന്‌ ഉറപ്പുനല്‍കുന്നു. വംശീയതയില്‍ ഊന്നിനില്‍ക്കുന്ന സയണിസ്റ്റ്‌ രാഷ്ട്രം ലോകസമാധാനത്തിനു ഭീഷണിയാണ്‌ എന്ന വസ്തുത അവസാനശ്വാസംവരെ വിളിച്ചുപറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്‌.”

“കേന്ദ്ര ആഭ്യന്തര മന്ത്രാലയം നവംബര്‍ 19ന്‌ അയച്ച കത്ത്‌ ഡിസംബര്‍ 25നാണ്‌ ചീഫ്‌ സെക്രട്ടറിയ്ക്ക്‌ ലഭിച്ചത്‌. രാജ്യത്തും വിദേശത്തുമുള്ള ധനിക വ്യവസായികളാണ്‌ പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നത്‌. ധനസഹായം നല്‍കുന്ന കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. സംസ്ഥാന സര്‍ക്കരിന്റെ പരസ്യവും പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.”

“സാധാരണക്കാരില്‍ സാധാരണക്കാരായ ഞങ്ങളുടെ പ്രവര്‍ത്തകരും വായനക്കാരും ഉള്ളിടത്തോളം നിലനില്‍പ്പിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ യാതൊരു ബേജാറുമില്ല. വരുമാനസ്രോതസ്സിനെക്കുറിച്ച ഏതൊരു അന്വേഷണത്തെയും ആദ്യം സ്വാഗതം ചെയ്യുക തേജസായിരിക്കും. പേടിപ്പിക്കുന്ന വേല സര്‍, കൈയിലിരിക്കട്ടെ” - എഡിറ്റോറിയലില്‍ പറയുന്നു.

തീവ്രവാദികള്‍ക്കെതിരായ നടപടികളെ ഭരണകൂട ഭീകരതയായി ചിത്രീകരിക്കുകയാണ് തേജസ് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണങ്ങളില്‍ ഒന്ന്. അമേരിക്കയോടും ഇസ്രയേലിനോടുമുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്ക്‌ വിരുദ്ധവുമാണ്‌ പത്രമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നവംബര്‍ 19ന്‌ ചീഫ്‌ സെക്രട്ടറിയ്ക്ക്‌ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തും വിദേശത്തുമുള്ള ധനിക വ്യവസായികളാണ്‌ പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നത് എന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :