ഇറാന്‍ സ്ഫോടനം: നെജാദ് സര്‍ദാരിയെ വിളിച്ചു

ടെഹ്‌റാന്‍| WEBDUNIA| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2009 (16:39 IST)
ഇറാര്‍ റവല്യൂഷണറി ഗാര്‍ഡ്സിനെ ലക്‌ഷ്യമാക്കി കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്‍റ് മഹ്‌മൂദ് അഹ്‌‌മദി നെജാദ് പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയെ ഫോണില്‍ ബന്ധപ്പെട്ടു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പാകിസ്ഥാനിലും തെരച്ചില്‍ നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

സുന്നി സംഘടനയായ ജുന്‍ഡില്ലയാണ് ആക്രമണത്തിന് പിന്നിലെന്നും സംഘടനയുടെ നേതൃത്വം പാകിസ്ഥാന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നെജാദ് ആരോപിച്ചിരുന്നു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ സൈനിക ഉപമേധാവി ജനറല്‍ നൂര്‍ അലി ഷൂസ്‌താരിയടക്കം 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയായിരുന്നു സ്ഫോടനം. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച ചാവേര്‍ സ്ഥലത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, ആക്രമണങ്ങളില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയ സുന്നി സംഘടനകള്‍ക്കെതിരെ ഇനിയൊരാക്രമണത്തിന് ശേഷിയുണ്ടാകാത്ത വിധം തിരിച്ചടിക്കുമെന്ന് റവല്യുഷണറി ഗാര്‍ഡ്സ് വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :