ബോളിവുഡിന്‍റെ സിങ്കമാകാന്‍ അജയ്

WEBDUNIA| Last Modified ഞായര്‍, 7 നവം‌ബര്‍ 2010 (12:02 IST)
PRO
സൂര്യ-ഹരി ടീമിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സിങ്കം ബോളിവുഡിലേക്ക്. രോഹിത് ഷെട്ടി ഒരുക്കുന്ന ഹിന്ദി സിങ്കത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും സബ് ഇന്‍സ്പെക്ടര്‍ ദുരൈ സിങ്കമെന്ന ശക്തനായ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുക‍. റിലയന്‍സ് തന്നെയാണ് സിങ്കത്തെ ഹിന്ദിയില്‍ ഒരുക്കുന്നത്.

ഗജിനിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനുശേഷം മറ്റൊരു ചിത്രം കൂടി ഹിന്ദി സംസാരിക്കാനൊരുങ്ങുന്നുവെന്ന പ്രത്യകതയുമുണ്ട് ഈ ചിത്രത്തിന്. സല്‍മാന്‍ ഖാന്‍ പൊലീസ് വേഷത്തിലെത്തിയ ദബാംഗിന്‍റെ സുപ്പര്‍ വിജയമാണ് പൊലീസ് കഥകള്‍ക്ക് പിന്നാലെ പോവാന്‍ വീണ്ടും ബോളിവുഡിനെ പ്രേരിപ്പിക്കുന്നത്.

രജനീകാന്ത് സിനിമകളെപ്പോലെ വണ്‍ മാന്‍ ഷോ ശൈലിയില്‍ ഒരുക്കിയ ദബാംഗ് ഗജിനിയുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന് ബോക്സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. ഗോല്‍‌മാല്‍ പരമ്പരയിലൂടെ ബോളിവുഡിനെ ചിരിപ്പിച്ച രോഹിത് ഷെട്ടി ആക്ഷന്‍ ചിത്രങ്ങളുടെ ട്രാക്കിലേക്ക് മാറുന്നുവെന്ന പ്രത്യേകതയുമുണ്ട് സിങ്കത്തിന്.

വിജയ് പൊലീസ് വേഷത്തിലെത്തി തമിഴില്‍ സൂപ്പര്‍ ഹിറ്റായ പോക്കിരി പ്രഭുദേവ ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു. ഹിന്ദി സിങ്കം അടുത്ത വര്‍ഷം തിയറ്ററിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :