യന്തിരന് പിന്നാലെ ബോയ്സും ഹിന്ദി പറയുന്നു

WEBDUNIA|
PRO
‘യന്തിരന്‍’ ഹിന്ദി സിനിമാ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ‘റോബോട്ട്’ എന്ന പേരില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ച സിനിമ ബോളിവുഡിലെ ഖാന്‍ ത്രയത്തെയും അമിതാഭ് ബച്ചനെയും അക്ഷയ് കുമാറിനെയുമെല്ലാം അമ്പരപ്പിച്ചിരിക്കുന്നു. ത്രീ ഇഡിയറ്റ്സിന്‍റെയും ദബാംഗിന്‍റെയുമൊക്കെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ രണ്ടാഴ്ച കൊണ്ട് മറികടന്ന് റോബോട്ട് ചരിത്രം രചിച്ചു.

“എനിക്ക് ഷങ്കറിന്‍റെ തലച്ചോര്‍ കഴിക്കാന്‍ തോന്നുന്നു” എന്നാണ് ആമിര്‍ഖാന്‍ പ്രതികരിച്ചത്. എന്തായാലും ഷങ്കറിന് ബോളിവുഡില്‍ ജനപ്രീതി കുതിച്ചുയര്‍ന്നതോടെ ഷങ്കറിന്‍റെ പഴയ തമിഴ് ചിത്രങ്ങളെല്ലാം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ബോയ്സ്’ ആണ് ആദ്യം ഹിന്ദി സംസാരിക്കുക.

ബോയ്സിലെ പ്രധാന താരങ്ങളായ സിദ്ധാര്‍ത്ഥ്, ജെനിലിയ എന്നിവര്‍ ഹിന്ദിക്കും പ്രിയപ്പെട്ട താരങ്ങളാണെന്നത് ബോയ്സിന്‍റെ ഹിന്ദി പതിപ്പിന് വിജയ സാധ്യത കൂട്ടുന്നു. എ ആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഹിറ്റ് ഗാനങ്ങളും ഒരു ബോണസ് പോയിന്‍റാണ്.

‘ജാനേ തു യ ജാനേ ന..’ പോലുള്ള ഹിറ്റുകളുടെ സ്രഷ്ടാവായ അബ്ബാ‍സ് ടയര്‍‌വാലയാണ് ഹിന്ദി ബോയ്സിന് സംഭാഷണവും ഗാനങ്ങള്‍ക്ക് വരികളും എഴുതുക. ബോയ്സിന്‍റെ നിര്‍മ്മാതാക്കളായ ശ്രീ സൂര്യ മൂവീസ് ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വലിയ പ്രചാരണ പരിപാടികളോടെ ഉടന്‍‌തന്നെ ബോയ്സ് ബോളിവുഡില്‍ റിലീസ് ചെയ്യും.

2003ല്‍ റിലീസായ ബോയ്സ് വന്‍ വിജയമാണ് കോളിവുഡില്‍ സ്വന്തമാക്കിയത്. ‘എനക്കൊരു ഗേള്‍ഫ്രണ്ട് വേണമെടാ...’ എന്ന ഗാനം അക്കാലത്ത് കാമ്പസ് ഹിറ്റായിരുന്നു. ഭരത്, നകുല്‍, മണിണ്ഠന്‍, വിവേക് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :