പ്രിയദര്‍ശന്‍ കോമഡി നിര്‍ത്തണം: അജയ് ദേവ്‌ഗണ്‍

WEBDUNIA|
PRO
കോമഡിച്ചിത്രങ്ങളെടുക്കുന്നത് പ്രിയദര്‍ശന്‍ അവസാനിപ്പിക്കണമെന്ന് പ്രശസ്ത ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. കോമഡിയില്‍ നിന്ന് മാ‍റി മറ്റ് ജനറേഷനുകളിലുള്ള സിനിമകള്‍ സംവിധാനം ചെയ്യാന്‍ പ്രിയന്‍ തയ്യാറാകണമെന്നും ദേവ്ഗണ്‍ ആവശ്യപ്പെട്ടു. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

“ഇഷ്യൂ ബേസ്ഡ് ആയിട്ടുള്ള സിനിമകളും ആക്ഷന്‍ ഡ്രാമകളുമൊക്കെയാണ് പ്രിയദര്‍ശന് കൂടുതല്‍ ഇണങ്ങുക എന്ന് തോന്നുന്നു. വിരാസത്ത്, കാലാപാനി തുടങ്ങിയവയും ചില ദക്ഷിണേന്ത്യന്‍ ചിത്രങ്ങളും പ്രിയന്‍ അത്തരത്തില്‍ ചെയ്തിട്ടുണ്ട്. കോമഡി സിനിമകള്‍ വിട്ടിട്ട് അത്തരം ചിത്രങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ ഞാന്‍ പ്രിയനോടും പറഞ്ഞു. ആക്ഷനും ഡ്രാമയുമൊക്കെ അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. ആക്രോശ് എന്ന് ആക്ഷന്‍ ഡ്രാമ തന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി പ്രിയനും വിലയിരുത്തുന്നുണ്ട്” - അജയ് ദേവ്ഗണ്‍ പറയുന്നു.

ഉത്തരേന്ത്യയിലെ അഭിമാനക്കൊലപാതകങ്ങളെക്കുറിച്ചാണ് പ്രിയന്‍ തന്‍റെ പുതിയ ചിത്രമായ ആക്രോശിലൂടെ പറയുന്നത്. അജയ് ദേവ്ഗണ്‍ ഇതില്‍ ഒരു സി ബി ഐ ഉദ്യോഗസ്ഥന്‍റെ വേഷത്തിലെത്തുന്നു.

‘കോമഡി സിനിമകള്‍ അവസാനിപ്പിക്കുകയാണ്’ എന്ന് പലതവണ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ വീണ്ടും വീണ്ടും അദ്ദേഹം അത്തരം സിനിമകള്‍ ഒരുക്കുന്നു. കൊമേഴ്സ്യല്‍ സക്സസിന് അത് ആവശ്യമാണെന്ന ചിന്താഗതിയാണ് പ്രിയനെ നയിക്കുന്നത്.

ഒരു മുത്തശ്ശിക്കഥ, ആര്യന്‍, അഭിമന്യു, രാക്കിളിപ്പാട്ട്, അദ്വൈതം, താളവട്ടം, കാഞ്ചീവരം, ഗര്‍ദ്ദിഷ് തുടങ്ങിയ സിനിമകള്‍ പ്രിയദര്‍ശന്‍ കോമഡി ട്രാക്കില്‍ നിന്ന് വഴിമാറി സഞ്ചരിച്ചവയാണ്. സ്പീഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് ആശയമുള്‍ക്കൊണ്ട് ‘തേസ്’ എന്ന ത്രില്ലര്‍ ചിത്രമാണ് പ്രിയന്‍ അടുത്തതായി ഒരുക്കുന്നത്. മോഹന്‍ലാലും ആ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :