കങ്കണ ഇനി ഹാജി മസ്താന്‍റെ ഭാര്യ!

WEBDUNIA| Last Modified തിങ്കള്‍, 21 ജൂണ്‍ 2010 (14:41 IST)
IFM
ബോളിവുഡില്‍ വീണ്ടും അധോലോകത്തിന്‍റെ കഥ പറയുന്ന സിനിമകള്‍ നിറയുകയാണ്. ഏവരും പ്രതീക്ഷിക്കുന്ന പുതിയ സിനിമ ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ’ പ്രമേയമാക്കുന്നതും അധോലോക കുടിപ്പകയുടെ കഥയാണ്. മുംബൈ ചരിത്രത്തിലെ ചോരച്ചുവപ്പാര്‍ന്ന ഏടായ ഹാജി മസ്താന്‍ - ദാവൂദ് ഇബ്രാഹിം കാലഘട്ടമാണ് ഈ ചിത്രത്തിന്‍റെ പ്രമേയമാകുന്നത്.

മിലാന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റനൌത് ആണ് നായിക. അധോലോക കഥ പറയുന്ന സിനിമകളിലെ സ്ഥിരം സാന്നിധ്യമാണല്ലോ കങ്കണ. ഈ ചിത്രത്തില്‍ ഹാജി മസ്താന്‍റെ ഭാര്യയായിരുന്ന സോനയുടെയും ബോളിവുഡിലെ താരസുന്ദരിയായിരുന്ന മധുബാലയുടെയും പ്രതിരൂപമായാണ് കങ്കണ റനൌത് പ്രത്യക്ഷപ്പെടുന്നത്.

“യഥാര്‍ത്ഥ ജീവിതത്തില്‍ മധുബാലയുടെ വലിയ ആരാധകനായിരുന്നു ഹാജി മസ്താന്‍. പിന്നീട് അദ്ദേഹം സോനയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. മധുബാലയുടെയും സോനയുടെയും സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുള്ള കഥാപാത്രമായാണ് വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരിക്കുന്നത്.” - കങ്കണ വെളിപ്പെടുത്തി.

“എന്‍റെ കഥാപാത്രത്തിന്‍റെ പേര് രഹാന എന്നാണ്. രഹാന ഒരു വലിയ ചലച്ചിത്രതാരമാണ്. അവള്‍ ഒരു അധോലോകരാജാവുമായി പ്രണയത്തിലാകുന്നു. ഒരു പുതിയ ലോകത്തേക്കാണ് അവള്‍ ചെന്നെത്തുന്നത്. എന്‍റെ കഥാപാത്രം ഒരു സിനിമാതാരത്തില്‍ നിന്ന് ഒരു സ്ത്രീയുടെ സംഘര്‍ഷങ്ങളിലേക്ക് സഞ്ചരിക്കുന്നു” - കങ്കണ പറഞ്ഞു.

മധുബാലയുമായി സാമ്യമുണ്ടെങ്കിലും രഹാന എന്ന കഥാപാത്രമാകാനായി ബോളിവുഡിലെ മറ്റ് പഴയകാല താരങ്ങളെയും കങ്കണ റനൌത് പഠനവിഷയമാക്കി. “എഴുപതുകളിലെ നടിമാരായ സീനത്ത് അമന്‍റെയും പര്‍വീണ്‍ ബാബിയുടെയും പെര്‍ഫോമന്‍സ് ഞാന്‍ നിരീക്ഷിച്ചു. അവര്‍ ആ കാലഘട്ടത്തിലെ റിബലുകളായിരുന്നു. അവര്‍ ബിക്കിനി ധരിക്കുകയും സ്റ്റൈല്‍ ഐക്കണായി ജീവിക്കുകയും ചെയ്തു. എന്‍റെ കഥാപാത്രത്തിന് അവരുടെ ഛായയുമുണ്ട്.”

ജൂലൈ 30നാണ് ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ’ റിലീസ് ചെയ്യുന്നത്. അജയ് ദേവ്‌ഗണ്‍, ഇമ്രാന്‍ ഹഷ്മി, രണ്‍ദീപ് ഹൂഡ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :