കേരളത്തില്‍ രാവണന്‍ സിങ്കത്തെ കൊല്ലും!

WEBDUNIA|
PRO
കേരളത്തില്‍ രാവണന്‍ റിലീസായി. ലോകമെങ്ങും റിലീസായ അതേ ദിവസം തന്നെ. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുടേതിന് സമാനമായ ഓപ്പണിംഗാണ് ഈ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. 80 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ രാവണന്‍ കളിക്കുന്നത്. 75 കേന്ദ്രങ്ങളില്‍ തമിഴും അഞ്ച് കേന്ദ്രങ്ങളില്‍ ഹിന്ദിയും പ്രദര്‍ശിപ്പിക്കുന്നു.

ഇന്നലെ(ജൂണ്‍ 17)യാണ് സൂര്യ നായകനായ ‘സിങ്കം’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. സൂര്യയ്ക്ക് വലിയ ആരാധകവൃന്ദമുള്ള കേരളത്തില്‍ പക്ഷേ മോശം തുടക്കമാണ് സിങ്കത്തിന് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടും റിലീസായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് കേരളത്തില്‍ സിങ്കം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്‍റെ പരാജയത്തിന് കാരണവും അതുതന്നെ. നിലവിലെ സ്ഥിതി അനുസരിച്ച് രാവണന്‍ സിങ്കത്തെ കൊല്ലുമെന്നു തന്നെയാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂന്നാഴ്ച വൈകിയുള്ള റിലീസ് കാരണം സിങ്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പുതന്നെ കേരള ഓഡിയന്‍‌സിന് ലഭിച്ചുകഴിഞ്ഞു. മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ സിങ്കത്തിന്‍റെ വ്യാജപതിപ്പുകള്‍ സുലഭമാണെന്നതും സിനിമയുടെ പരാജയത്തിന്‍റെ ആഴം കൂട്ടുന്നു. രാവണന്‍റെ വമ്പന്‍ റിലീസും ഹൈപ്പും സിങ്കത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

പൃഥ്വിയും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ തന്നെയാണ് കേരളത്തിലെ പ്രേക്ഷകര്‍ക്ക് രാവണനോടുള്ള മുഖ്യ ആകര്‍ഷണം. പൃഥ്വിയുടെ ആരാധകര്‍ ‘ഒരു പൃഥ്വിച്ചിത്രം’ എന്ന നിലയ്ക്കാണ് സിനിമ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയുടെ സിങ്കത്തെ പിന്നാക്കം തള്ളുന്നതില്‍ ഈ ഫാക്ടര്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.

തമിഴ്നാട്ടില്‍ മികച്ച വിജയത്തിലേക്കു കുതിക്കുകയായിരുന്നു സിങ്കം. എന്നാല്‍ രാവണന്‍റെ വരവ് ഈ സിനിമയെ അവിടെയും ബാധിച്ചു. ചെന്നൈയിലെ എല്ലാ മള്‍ട്ടിപ്ലക്സുകളും സിങ്കത്തെ ചെറിയ സ്ക്രീനുകളിലേക്ക് ചുരുക്കിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :