ഇ അഹമ്മദിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ഇന്ന് ഖബറടക്കം

ഇ അഹമ്മദിന് കണ്ണീരാദരം

aparna shaji| Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (08:05 IST)
അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്‍റെ ഭൗതികദേഹം ഇന്നു ജന്മ നാട്ടിൽ കബറടക്കും.
ബുധനാഴ്ച പുലര്‍ച്ചെ 2.15ന് ഡല്‍ഹിയില്‍ അന്തരിച്ച എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ദേശീയനേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് ചടങ്ങുകള്‍.

ജനപ്രിയ നേതാവിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് കണ്ണൂര്‍ കോര്‍പറേഷന്‍ കോമ്പൗണ്ടിലും 10.30ന് സിറ്റി ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വെക്കും.
അതിനു ശേഷമായിരിക്കും 11 മണിക്ക് ഖബറ‌ടക്കുക.

ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സർവകക്ഷി ഹർത്താൽ ആചരിക്കും. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിനുള്ള ആദരസൂചകമായി ഇന്നലെ മലപ്പുറത്തെ സ്കൂളുക‌ൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല.

ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാർലമെ‌ന്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 2.15-നാണു മരണം സ്ഥിരീകരിച്ചത്. എയിംസ് ആശുപത്രിയിൽ എംബാം ചെയ്ത ശേഷം രാവിലെ ഏഴരയോടെ തീൻമൂർത്തി മാർഗിലെ വസതിയിലെത്തിച്ച മൃതദേഹം 12 വരെ അവിടെ പൊതുദർശന‌ത്തിനു വച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :