'ജമാ അത്തെയുടെ നിലപാട് പരിഹാസം'

മലപ്പുറം| WEBDUNIA|
PRO
PRO
15 മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് പരിഹസിക്കുന്നതിന് തുല്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാ അത്തിന്റെ പിന്തുണ യു ഡി എഫിന് ആവശ്യമില്ല. എല്‍ ഡി എഫിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുള്ളവര്‍ ആ സംഘടനയില്‍ തന്നെ ഉണ്ട്. അവരുടെ പ്രതിഷേധം യു ഡി എഫിനുള്ള വോട്ടായി ഭവിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പി ഡി പിയുമായി കൂട്ടുകൂടിയപ്പോള്‍ ഉണ്ടായ അവസ്ഥ തന്നെയാണ് ജമാ അത്തിന്റെ കാര്യത്തിലും ഉണ്ടാവാന്‍ പോകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ തരംഗം കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. വികസനത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം രാഷ്ട്രീയപകപോക്കല്‍ നടത്താനാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അന്വേഷി പ്രസിഡന്റ് അജിതയെ വേങ്ങരയില്‍ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതിരുന്നതിനാല്‍ മാത്രമാണ് അവര്‍ക്ക് പ്രസംഗിക്കാന്‍ കഴിയാതെ വന്നത്. അജിതയുടെ ഭര്‍ത്താവ് സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയാണ്. അതെക്കുറിച്ച് പ്രതികരിക്കാത്ത അജിത നാട്ടിലെ പ്രശ്‌നങ്ങളില്‍ ഉപദേശിക്കുന്നതെങ്ങനെയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :