കേരളത്തിലെ സി പി എം ശക്തം: കാരാട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
വിഭാഗീയത ഉണ്ടെങ്കിലും കേരളത്തില്‍ സി പി എം ശക്തമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഭരണം നഷ്‌ടപ്പെട്ടുവെങ്കിലും അവിടങ്ങളിലെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ല. വിഭാഗീയത ഇല്ലാതാക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. വിഭാഗീയത ശക്തമായിരുന്നപ്പോഴും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2014 ല്‍ കേരളത്തില്‍ പാര്‍ട്ടി നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും കാരാട്ട് പറഞ്ഞു.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഇടതുപക്ഷം ശക്‌തികേന്ദ്രമാവില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഉയരാന്‍ വരും തെരഞ്ഞെടുപ്പില്‍ മുന്നണിക്ക്‌ കഴിയില്ല. അതേസമയം, ഇരുകക്ഷികള്‍ക്കും ബദലായ ഒരു സഹകരണം രൂപീകരിക്കാന്‍ കഴിയുമോ എന്ന്‌ നിരീക്ഷിക്കുന്നുണ്ട്‌. 1990കള്‍ക്കു ശേഷം വന്ന തെരഞ്ഞെടുപ്പുകളില്‍ നിരവധി സഖ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.

ഇടതുപക്ഷത്തിന്‌ ചില സര്‍ക്കാരുകളില്‍ നിര്‍ണായക സ്വാധീനവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ഇടതുപക്ഷത്തിന്‌ അതിനു കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് നിലപാടുകള്‍ വ്യക്തമാക്കിയത്.

യു പി എയുടെ ജനവിരുദ്ധനയങ്ങള്‍ എടുത്ത് കാട്ടുമെന്നും ഈ നിലപാടുള്ള മറ്റു പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി എസിന്‌ 90 വയസാകുന്നു. അദ്ദേഹം ജനകീയ നേതാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മുന്‍പും ജനകീയ നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. വി എസിന് ശേഷവും സി പി എമ്മില്‍ ജനകീയ നേതാക്കളുണ്ടാവുമെന്നും അക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഐക്യത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും കാരാട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :