തിരുവനന്തപുരം|
priyanka|
Last Updated:
വെള്ളി, 19 ഓഗസ്റ്റ് 2016 (16:22 IST)
നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. 45 കാരിയായ നെടുമങ്ങാട് സ്വദേശിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയിലാണ് വന്‍ ചികിത്സാ പിഴവ് സംഭവിച്ചത്. ഗര്‍ഭപാത്രത്തില്‍ മുഴ ഉണ്ടായതിനെ തുടര്‍ന്ന്
ശസ്ത്രക്രിയ ചെയ്യാനെത്തിയ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉപകരണം മറന്നു വച്ചു. റേഡിയോ ഓപറേറ്റിംഗ് ക്ലിപ്പ് എന്ന ഉപകരണമാണ് മറന്നുവെച്ചത്.
പിന്നീട് ശസ്ത്രക്രിയ ഉപകരണത്തില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്‌കാനിംഗ് നടത്തിയപ്പോഴാണ് യുവതിയുടെ വയറ്റില്‍ ഉപകരണം മറന്നുവെച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും വീണ്ടും ശസ്ത്രക്രിയ ചെയ്ത് ഉപകരണം തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ബന്ധുക്കള്‍ അറിഞ്ഞത് രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമാണ്. ഇന്നലെ നടന്ന സംഭവം പുറത്തറിയുന്നത് ഇന്ന് ഉച്ചതിരിഞ്ഞ് മാത്രം.
ശസ്ത്രക്രിയയില്‍ ഉടനീളം ചികിത്സാ പിഴവ് സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 40 മിനിറ്റ് മാത്രമേ ആവശ്യമുള്ളു എന്ന് പറഞ്ഞ ശസ്ത്രക്രിയ അവസാനിപ്പിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി അസ്വസ്ഥതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഉപകരണങ്ങളുടെ കണക്കെടുപ്പില്‍ കുറവ് കണ്ടെത്തിയതോടെയാണ് സ്‌കാനിംഗ് നടത്തിയത്.