aparna|
Last Modified ശനി, 20 ജനുവരി 2018 (09:32 IST)
കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ പറഞ്ഞ മൊഴികൾ കള്ളമെന്ന് ജിത്തുവിന്റെ മുത്തച്ഛൻ ജോണിക്കുട്ടി. വസ്തുതർക്കമാണ് കൊലപാതകത്തിനു കാരണമെന്ന ജയമോളുടെ മൊഴി സത്യമല്ലെന്ന് ജോണിക്കുട്ടി പറയുന്നു.
'ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. സന്തോഷത്തോടെയായിരുന്നു ഇരുവരും പള്ളിയിൽ നിന്നും പോയത്. വീട്ടിൽ എത്തി വസ്തുതർക്കത്തിന്റെ പേരിൽ കൊലപാതകം ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല' - ജോണിക്കുട്ടി പറയുന്നു.
മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങൾ സംസാരിച്ചിട്ടുപോലുമില്ലെന്ന് ജോണിക്കുട്ടി പറയുന്നു. ഒരമ്മയ്ക്ക് സ്വന്തം മകനെ ഇത്ര ക്രൂരമായി കൊല്ലാൻ കഴിയുമോ എന്നും ജോണിക്കുട്ടി ചോദിക്കുന്നു. വസ്തു നൽകില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പോലീസിന് മൊഴിനൽകിയത്.
ജിത്തുവിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ജയമോൾ കോടതിയെ അറിയിച്ചിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദ്ദിച്ചു. പൊലീസിന്റെ ഈ നടപടിയില്‍ പരാതിയില്ലെന്നും അവർ കോടതിയിൽ നിലപാടെടുത്തു.
അതേസമയം, പ്രതിയെ മർദ്ദിച്ച പൊലീസിന്റെ നടപടിയെ കോടതി വിമർശിച്ചു. ജയമോൾക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടു. ജിത്തുവിന്റെ മരണത്തില്‍ വ്യാഴാഴ്‌ചയാണ് ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.