സർക്കാരിന്റെ ഉത്സാഹം കുറയുന്നു; കൊച്ചി മെട്രോയുടെ നഷ്ടം പ്രതിമാസം 6.60 കോടി രൂപ

കൊച്ചി| സജിത്ത്| Last Modified തിങ്കള്‍, 8 ജനുവരി 2018 (07:47 IST)
കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നതായി റിപ്പോര്‍ട്ട്. മെട്രോയുടെ കാര്യത്തില്‍ സർക്കാരിന് ആദ്യമുണ്ടായിരുന്ന താല്പര്യമൊന്നും ഇപ്പോൾ മെട്രോയുടെ കാര്യത്തിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെട്രോയുടെ വരവും ചെലവും തമ്മിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന 22 ലക്ഷം രൂപയുടെ അന്തരമാണുള്ളതെന്നും പറയപ്പെടുന്നു. അതായത് ഒരു മാസം 6.60 കോടി രൂപയുടെ നഷ്ടം.

പ്രതിദിന ടിക്കറ്റ് കലക്‌ഷനായി ലഭിക്കുന്നത് 12 ലക്ഷം രൂപ മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിക്കറ്റ് ഇതര വരുമാനമാകട്ടെ 5.16 ലക്ഷം രൂപയും. അതേസമയം, മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് മാത്രം 38 ലക്ഷം വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയിൽ ഒരു മെട്രോയും ലാഭത്തിലായിട്ടില്ല എന്നതുമാത്രമാണ് കൊച്ചി മെട്രോയുടെ ഏക ആശ്വാസം.

മൂന്നും നാലും വർഷങ്ങള്‍ക്ക് ശേഷമാണ് മറ്റുള്ള സംസ്ഥാനങ്ങളിലെ മെട്രോകൾക്ക് പിടിച്ചുനിൽക്കാറായത്. എന്നാൽ, മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതികളെല്ലാം സർക്കാർ കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ് പദ്ധതിയുടെ നടത്തിപ്പിനായി 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനത്തിലാണു സർക്കാർ ഒന്നര വർഷമായി അടയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :