തോമസ് ചാണ്ടിയെ രക്ഷിച്ച് ശശീന്ദ്രൻ; ചാണ്ടിക്ക് പങ്കില്ല, ഹർജിക്കാരി ആരാണെന്ന് അറിഞ്ഞത് വാർത്തകളിലൂടെയെന്ന് മന്ത്രി

ഹർജിക്കാരി ആരാണെന്ന് അറിയുന്നത് ഇന്നലെ: ശശീന്ദ്രൻ

aparna| Last Modified ഞായര്‍, 4 ഫെബ്രുവരി 2018 (10:55 IST)
തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ രണ്ടുവട്ടം ഹർജി നൽകിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്‍റെ വീട്ടിലെ സഹായി ആണെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.

താൻ മന്ത്രിയായതിൽ എൻസിപിയിൽ ആർ‌ക്കും എതിർപ്പില്ല. വ്യക്തമായ ബോധ്യമല്ലാതെ അന്വേഷണം ആവശ്യപ്പെടില്ല. വാർത്തകളിലൂടെയാണ് ഹർജിക്കാരിയെക്കുറിച്ച് അറിഞ്ഞതെന്നും ശശീന്ദ്രൻ പറഞ്ഞു. ശശീന്ദ്രനെതിരായ കേസ് ഒത്തുതീർപ്പായതോടെയാണു മഹാലക്ഷ്മിയെന്ന സ്ത്രീ ഹർജിയുമായി രംഗത്തെത്തിയത്.

ഭൂമി കൈയേറ്റ വിഷയത്തില്‍ രാജിവയ്‌ക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടിൽ കുട്ടികളെ നോക്കുന്ന മഹാലക്ഷ്മിയാണ് കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം സിജെഎം കോടതിയിലും ഹൈക്കോടതിയേയും സമീപിച്ചത്.

മോട്ടാർ വെഹിക്കൾ ഇൻസ്പെക്ടറായിരുന്ന ശ്രീകുമാർ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ചാണ്ടിയുടെ പിഎ ആണ് ശ്രീകുമാർ. അതേസമയം, മഹാലക്ഷ്മിയുടെ ഹർജിക്ക് പിന്നിൽ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹർജി നൽകിയതെന്നുമാണ് ഇവരുടെ മകൾ വ്യക്തമാക്കുന്നത്. ഹർജി സ്വന്തം ഇഷ്ടപ്രകാരമാണെന്ന് മഹാലക്ഷ്മിയും കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയായ മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി താമസിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :