കൊച്ചി|
jibin|
Last Modified ബുധന്‍, 6 ഡിസംബര്‍ 2017 (19:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന് ദിലീപിന് കോടതിയുടെ സമന്‍സ്. കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ചതിനെ തുടർന്നാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചത്.
ഈ മാസം 19ന് കോടതിയിൽ നേരിട്ടു ഹാജരാകാനാണു സമൻസിൽ നിർദേശം. ദിലീപിനെ കൂടാതെ, കേസിലെ പ്രതികളായ വിഷ്ണു, മേസ്തിരി സുനിൽ എന്നിവർക്കും കോടതി സമൻസ് കൈമാറി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. വിചാണയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
കഴിഞ്ഞ മാസം 22നു അന്വേഷണ സംഘം സമര്‍പ്പിച്ച
1542 പേജുള്ള കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകളാണ് താരത്തിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അമ്പതോളം പേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.