ഇസ്രയേല്‍ 20 ബോംബറുകള്‍ വാങ്ങുന്നു

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2010 (14:36 IST)
ഇസ്രയേല്‍ 20 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ യുഎസില്‍ നിന്ന് വാങ്ങുന്നു. ഇതിനായി ഇരു രാജ്യങ്ങളും തമ്മില്‍ 2.75 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

എഫ് - 35 വിഭാഗത്തിലുള്ള വിമാനങ്ങള്‍ 2015 - 2017 കാലയളവില്‍ ഇസ്രയേലിന് നല്‍കുമെന്നാണ് ഇസ്രയേല്‍ ദിനപ്പത്രമായ ഹാരെട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധ വിമാന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ലോക്‍ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനാണ് എഫ് - 35 നിര്‍മ്മിക്കുന്നത്.

നിലവിലുള്ള മിക്ക പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളെയും കബളിപ്പിക്കാന്‍ സാധിക്കുമെന്നതാണ് എഫ് - 35 വിഭാഗത്തിലുള്ള വിമാനങ്ങളുടെ പ്രത്യേകത. വ്യാഴാഴ്ചയാണ് യുഎസും ഇസ്രയേലും കരാറില്‍ ഒപ്പ് വച്ചത്.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് മധ്യ പൂര്‍‌വേഷ്യയില്‍ അസ്വസ്ഥത നിലനില്‍ക്കുന്ന അവസരത്തിലാണ് ഇസ്രയേല്‍ യുഎസില്‍ നിന്ന് നൂതന യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചില്ല എങ്കില്‍ രാജ്യത്തെ ഇസ്രയേല്‍ ആക്രമിക്കും എന്ന അഭൂഹങ്ങള്‍ ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :