ഇസ്രയേല്‍ മാപ്പുപറയില്ല: നെതന്യാഹു

ടെല്‍‌അവീവ്| WEBDUNIA| Last Modified വ്യാഴം, 3 ജൂണ്‍ 2010 (14:57 IST)
PRO
ഗാസയിലേക്ക് സഹായവുമായി പോയ കപ്പലില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ മാപ്പുപറയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇത് സംബന്ധിച്ച വിവാദം രൂക്ഷമായ സാഹചര്യത്തില്‍ തന്‍റെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

ഒരിക്കല്‍ കൂടി ഇസ്രയേലിനെ കപടവേഷക്കാരനാക്കുകയാണ് ഈ കുറ്റപ്പെടുത്തലില്‍ ലോകരാജ്യങ്ങള്‍ ചെയ്യുന്നതെന്നും പക്ഷപാതപരമായ വിധിയെഴുത്തിലേക്ക് ഇസ്രയേലിനെ വലിച്ചിഴയ്ക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. സമാനമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളിലെ പട്ടാളക്കാര്‍ ചെയ്യുന്നത് മാത്രമേ ഇസ്രയേല്‍ ചെയ്തിട്ടുള്ളുവെന്നും നെതന്യാഹു ന്യായീകരിച്ചു.

ഇസ്രയേല്‍ ഒരിക്കലും ഇരട്ടത്താപ്പ് സ്വീകരിച്ചിട്ടില്ല. സ്വയം പ്രതിരോധിക്കാന്‍ ഏത് രാജ്യത്തിനും ഉള്ളതുപോലെ ഇസ്രയേലിനും അവകാശം ഉണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് പറയണമെന്ന ആവശ്യം സാധ്യമല്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ പരിശോധന കൂടാതെ ഗാസയിലേക്ക് നീങ്ങാന്‍ കപ്പലുകളെ അനുവദിച്ചേനെ എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ ഹമാസിന് അത്യാധുനിക ആയുധങ്ങള്‍ എത്തിക്കുന്നതില്‍ നിന്ന് ഇറാ‍നെ തടയാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. നിലവില്‍ തന്നെ ഇസ്രയേലിന്‍റെ പ്രധാന നഗരങ്ങള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഹമാസിന്‍റെ കയ്യിലുണ്ട്. ഇന്ന് തങ്ങളെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ക്ക് നാളെ ഈ സാഹചര്യത്തിന് അവര്‍ ഇരയാക്കപ്പെടുമെന്ന് അറിയാമെന്നും നെതന്യാഹു പറഞ്ഞു.

പലസ്തീനികള്‍ക്കുള്ള ദുരിതാശ്വാസവുമായി ഗാസയിലേക്ക് തിരിച്ച ആറുകപ്പലുകളാണ് ഇസ്രയേല്‍ സേന കഴിഞ്ഞ ദിവസം ആക്രമിച്ചത്. കടലില്‍ ഇസ്രയേല്‍ തീര്‍ത്ത ഉപരോധം മറികടന്ന് നീങ്ങവേ ആയിരുന്നു ആക്രമണം. ഏതാനും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇസ്രയേലിനെതിരെ ലോകരാജ്യങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :