സഹായ കപ്പല്‍ ഇസ്രയേല്‍ തടഞ്ഞു

സെപ്രസ്| WEBDUNIA| Last Modified ശനി, 5 ജൂണ്‍ 2010 (10:52 IST)
ഗാസയിലേക്ക് പോകുകയായിരുന്ന സഹായ കപ്പലിനെയും സമാധാന പ്രവര്‍ത്തകരെയും ഇസ്രയേല്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. റാഷേല്‍ കോറി എന്ന ഐറിഷ് കപ്പലാണ് ഇസ്രയേല്‍ സൈന്യം തടഞ്ഞത്. ആഷ്ഡോഡ് തുറമുഖത്തില്‍ പ്രവേശിപ്പിക്കണമെന്ന ഇസ്രയേല്‍ ആവശ്യം നിരാകരിക്കപ്പെട്ടതാണ് കപ്പല്‍ തടയാന്‍ കാരണമായതെന്ന് കരുതുന്നു.

പുതിയ വാര്‍ത്തയെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ഐറിഷ് കപ്പലിനെ ഗാസയില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ഗാസയിലേക്കുള്ള ഒരു കപ്പല്‍ ഇസ്രയേല്‍ സേന ആക്രമിക്കുകയും ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. മരിച്ചവരിലേറേയും തുര്‍ക്കിക്കാരായതിനാല്‍ തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം ഇതിനെത്തുടര്‍ന്ന് വഷളായിരുന്നു.

ഗാസയില്‍ വീടുകള്‍ തകര്‍ക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് ഇസ്രയേല്‍ സൈന്യം വധിച്ച ഒരു യുഎസ് കോളേജ് വിദ്യാര്‍ത്ഥിയുടെ പേരാണ് പുതിയ കപ്പലിന് നല്‍കിയിരുന്നത്. നേരത്തെ കപ്പലിന്‍റെ യന്ത്രങ്ങള്‍ക്ക് തകരാറ് സംഭവിച്ചതിനെത്തുടര്‍ന്നാണ് റാഷേല്‍ കോറിയുടെ യാത്ര വൈകിയത്. അഞ്ച് ഐറിഷ് പൌരന്‍‌മാ‍രും ആറ് മലേഷ്യന്‍ പൌരന്‍‌മാരും ഒമ്പത് തൊഴിലാളികളുമാണ് കപ്പലിലുണ്ടായിരുന്നത്.

കപ്പല്‍ ഇസ്രയേലിലെ ആഷ്ഡോഡ് തുറമുഖത്തില്‍ പ്രവേശിപ്പിച്ച് സഹായ സാമഗ്രികള്‍ റോഡ് മാര്‍ഗം കൊണ്ടുപോകണമെന്നായിരുന്നു ഇസ്രയേലിന്‍റെ ആവശ്യം. യുഎസും ഈ ആവശ്യത്തിന് പിന്തുണ നല്‍കി. എന്നാല്‍ സമാധാന നോബല്‍ സമ്മാന ജേതാവ് മെയ്‌റീഡ് മഗുര്‍ അടക്കമുള്ളവര്‍ ഈ ആവശ്യത്തെ എതിര്‍ക്കുകയും കപ്പല്‍ വഴി തിരിച്ചുവിടാനാവില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :