അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ യു‌എന്നിനോട് ഇസ്രയേല്‍

യു‌എന്‍| WEBDUNIA|
ഗാസയിലേക്കുള്ള സഹായ കപ്പല്‍ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചതിനെക്കുറിച്ച് യുഎന്‍ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന സ്വതന്ത്ര അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. യു‌എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ സന്ദര്‍ശിച്ച ശേഷം ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഹ്യൂദ് ബാരക്ക് ആണ് ഈ അവശ്യമുന്നയിച്ചത്.

ഗാസാ മുനമ്പിലേക്ക് സഹായവുമായി പോകുകയായിരുന്ന ആറോളം കപ്പലുകളുടെ സംഘത്തെയാണ് മെയ് 31 ന് ഇസ്രയേല്‍ സേന ആക്രമിച്ചത്. സംഭവത്തില്‍ ഒമ്പത് ടര്‍ക്ക് പൌരന്‍‌മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലി തുറമുഖമായ ആഷ്ദോദില്‍ കയാറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു ഇസ്രയേല്‍ സേന കപ്പലുകള്‍ ആക്രമിച്ചത്.

രണ്ട് വിദേശ നിരീക്ഷകരടക്കം അഞ്ച് പേരടങ്ങുന്ന ഒരു അന്വേഷണ സംഘത്തെ ഇസ്രയേല്‍ നിയമിച്ചിട്ടുണ്ട്. അതിനാല്‍ യുഎന്‍ അന്വേഷണം തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്ന് ബാരക്ക് പറഞ്ഞു. അതേസമയം അന്വേഷണം പിന്നീടൊരു ദിവസത്തേക്ക് നീ‍ട്ടിവയ്ക്കാമെന്ന ബാനിന്‍റെ നിര്‍ദേശം ബാരക് അംഗീകരിച്ചോ എന്ന് വ്യക്തമല്ല.

അതിനിടെ ഗാസയിലേക്ക് കൂടുതല്‍ സഹായ കപ്പലുകള്‍ അയയ്ക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കിയും ലെബണോണും അറിയിച്ചു. ഇസ്രയേലിന്‍റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് തുര്‍ക്കിയുടെ ഈ പ്രഖ്യാപനം. എന്നാല്‍ ഗാസയിലേക്ക് കൂടുതല്‍ സഹായ കപ്പലുകള്‍ അയയ്ക്കാന്‍ ആര് തന്നെ അനുമതി നല്‍കിയാലും അത് നിരുത്തരവാദപരമായിരിക്കുമെന്നാണ് ബാരക്ക് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :