നാശം വിതച്ച് മാത്യു കൊടുങ്കാറ്റ്; ഹെയ്‌തിയില്‍ മരണം 850 കടന്നു; വൈദ്യുതിബന്ധം തകരാറിലായി; നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്

നാശം വിതച്ച് മാത്യു കൊടുങ്കാറ്റ്; ഹെയ്‌തിയില്‍ മരണം 850 കടന്നു

ഫ്ലോറിഡ| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (08:33 IST)
നാശം വിതച്ച് മാത്യു കൊടുങ്കാറ്റ്. മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് കാറ്റു വീശുന്നത്. കനത്ത മഴയോടെയാണ് ഫ്ലോറിഡ തീരത്ത് കാറ്റ് വീശിത്തുടങ്ങിയത്. ഹെയ്‌തിയില്‍ 850ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ മാത്യു കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡയിലും വന്‍നാശം വിതച്ചു. ഇരുപതു ലക്ഷം പേരെയാണ് ഫ്ലോറിഡയിലെ വിവിധ മേഖലകളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഹെയ്‌തിയിലെ ആയിരക്കണക്കിന് പേര്‍ക്കാണ് വീടുകള്‍ നഷ്‌ടമായത്. ഹെയ്തിക്കു പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു.

കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥവിഭാഗം മുന്നറിയിപ്പ് നല്കി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായി. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഫ്ലോറിഡ, ജോര്‍ജിയ, സൌത്ത് കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ നാലു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള 3, 862 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :