സമാധാനനൊബേല്‍ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്തോസിന്; പുരസ്കാരത്തിന് അര്‍ഹനാക്കിയത് ആഭ്യന്തരയുദ്ധത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനം

സമാധാനനൊബേല്‍ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്തോസിന്;

സ്റ്റോക്ഹാം| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (15:17 IST)
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്തോസിന്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് രാജ്യത്ത് നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന് അവസാനം കുറിക്കുന്നതിന് സാന്തോസ് മുന്‍കൈ എടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളാണ് സാന്തോസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

കൊളംബിയന്‍ സര്‍ക്കാരും മാര്‍ക്സിസ്റ്റ് വിമതരായ റവല്യൂഷണറി ആംഡ് ഫോഴ്സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാനകരാറിൽ ഓഗസ്റ്റ് 26നായിരുന്നു ഒപ്പുവെച്ചത്. എന്നാല്‍, ഈ ഒപ്പുവെക്കലിനെ രാജ്യത്തെ ജനങ്ങള്‍ ഒക്‌ടോബര്‍ രണ്ടിനു നടന്ന ഹിതപരിശോധനയില്‍ തള്ളിപ്പറഞ്ഞിരുന്നു.

കരാറിനെതിരെ ഹിതപരിശോധനയില്‍ 50.24 ശതമാനം ജനങ്ങള്‍ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ 49.8 ശതമാനം പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ, ഹിതപരിശോധനാഫലം എതിരാണെങ്കിലും സമാധാന ശ്രമങ്ങളെ കൊളംബിയൻ ജനത അംഗീകരിച്ചില്ലെന്ന് കരുതാനാവില്ലെന്ന് നൊബേൽ പുരസ്കാര കമ്മിറ്റി വക്താവ് വ്യക്തമാക്കി.

1964ല്‍ വിമതര്‍ സര്‍ക്കാരിനെതിരെ തുടങ്ങിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേരെയാണ് രാജ്യം കുരുതി കൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :