എച്ച്‌ഐ‌വി ബാധിച്ച യുവതി തടാകത്തിൽ ചാടി ജീവനൊടുക്കി; 32 ഏക്കര്‍ വരുന്ന തടാകം വറ്റിച്ച് നാട്ടുകാർ

അപർണ| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (12:35 IST)
എച്ച്‌ഐവി ബാധിതയായ യുവതി തടാകത്തിൽ ചാടി ജീവനൊടുക്കിയതോടെ ഭയന്ന് നാട്ടുകാർ തടാകം വറ്റിച്ചു. 32 ഏക്കര്‍ വരുന്ന തടാകമാണ് വറ്റിച്ചത്. കര്‍ണാടക ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലെ തടാകമാണ് നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചത്.

പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍, തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നും വെള്ളം വറ്റിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ മാസം 29-നാണ് തടാകത്തില്‍നിന്നു കണ്ടെത്തിയത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. വറ്റിച്ച തടാകം ശുദ്ധീകരിച്ചശേഷം സമീപത്തെ മലാപ്രഭ കനാലില്‍നിന്ന് വെള്ളം എത്തിച്ച് തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം.

എന്നാല്‍, എച്ച്‌ഐവി വൈറസിന് എട്ടു മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും 25 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ താപനിലയില്‍ വസിക്കില്ലെന്നും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.നാഗരാജ് പറഞ്ഞു. നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :