മൊബൈല്‍ ഫോണിനെ എന്തിന് പേടിക്കണം?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
നാം നിത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രധാന ഇലക്ട്രോണിക്സ് ഉപകരണമായ സെല്‍ഫോണിനെ ഇനി പേടിക്കേണ്ടതില്ലെന്ന്. പറയുന്നത് മറ്റാരുമല്ല, അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. സ്ഥിരമായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഓര്‍മ്മ ശക്തി വധിപ്പിക്കുമെന്നും അള്‍ഷൈമേഴ്‌സ് രോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്‍. സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ തലച്ചോറിലേല്‍ക്കുന്ന റേഡിയേഷന്‍ അള്‍ഷൈമേഴ്‌സിനെ തടയുമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഫ്ലോറിഡ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ 96 എലികളില്‍ നടത്തിയ പഠനത്തിലാണ് സെല്‍ഫോണ്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയത്. എലികളുടെ തലച്ചോറുകളില്‍ അള്‍ഷേമേഴ്സ് വരുത്തുന്ന രീതിയില്‍ ജനിതമാറ്റങ്ങള്‍ വരുത്തുകയും പിന്നീട് റേഡിയേഷന്‍ തരംഗങ്ങള്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇത്തരത്തില്‍ മാസങ്ങളോളം പരീക്ഷണം നടത്തിയാണ് പുതിയ കണ്ടെത്തല്‍.

ഓരോ പരീക്ഷണ ഘട്ടങ്ങള്‍ കഴിയുമ്പോഴും റേഡിയേഷന് വിധേയമായ എലികളുടെ ഓര്‍മ്മ ശക്തി വര്‍ധിച്ചു വരുന്നതായി കണ്ടെത്തി. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ വിലപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. അള്‍ഷൈമേഴ്‌സ് ഡിസീസ് വിഭാഗം പുറത്തിറക്കുന്ന ജേര്‍ണലില്‍ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തോളം റേഡിയേഷന്‍ ഏല്‍പ്പിച്ച എലികലുടെ ഓര്‍മ്മശക്തിക്ക് പോലും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം, അള്‍ഷൈമേഴ്സ് ബാധിച്ച എലികള്‍ക്ക് റേഡിയേഷന്‍ നല്‍കിയപ്പോള്‍ ഓര്‍മ്മശക്തി തിരിച്ചുകിട്ടിയതായും കണ്ടെത്തിയെന്ന് ഗവേഷണ സംഘാംഗം പ്രൊഫ. ഗാരി അരെന്‍ഡാഷ് വ്യക്തമാക്കി.

എന്നാല്‍, വര്‍ധിച്ച റേഡിയേഷന്‍ ഭാവിയില്‍ എന്ത് അനന്തരഫലമാണ് സൃഷ്ടിക്കുക എന്നതും നിരീക്ഷിക്കേണ്ടിയിരിക്കുന്നു. എന്തായാലും നിലവിലെ പഠന റിപ്പോര്‍ട്ട് പ്രകാരം സെല്‍ഫോണ്‍ റേഡിയേഷന്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുമെന്നും അള്‍ഷൈമേഴ്സ് ബാധിച്ച രോഗികള്‍ക്ക് ഗുണകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷണത്തിന് വിധേയമാക്കിയ എലികളെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഈ എലികളുടെ തലച്ചോറില്‍ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കണ്ടെത്താനായില്ല. മാത്രവുമല്ല, എലികളുടെ മറ്റു ആന്തരാവയവങ്ങള്‍ക്കും പ്രശ്നം കണ്ടെത്താനായില്ല. അതേസമയം, എലികളില്‍ നടത്തിയ പരീക്ഷണം മനുഷ്യരില്‍ വിജയിക്കുമോ എന്നത് ഉറപ്പാക്കാനായിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :