മാര്‍ച്ച് 16ന് മമ്മൂട്ടി ഒരു സര്‍പ്രൈസ് നല്‍കും, ഒരു ഞെട്ടിക്കുന്ന സര്‍പ്രൈസ്!

Mammootty's surprise for this March
BIJU| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (22:03 IST)
മമ്മൂട്ടി സിനിമകള്‍ സ്വീകരിക്കുന്നതിന്‍റെ മാനദണ്ഡമെന്താണ്? അദ്ദേഹത്തിന്‍റെ സിനിമകളുടെ സ്വഭാവത്തില്‍ നിന്ന് അത് മനസിലാക്കാന്‍ കഴിയുമോ? പല നടന്‍‌മാരുടെയും സിനിമകള്‍ കണ്ടാല്‍ ബോധ്യമാകും എന്തൊക്കെ മാനദണ്ഡങ്ങളാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ആ താരത്തെ നയിക്കുന്നതെന്ന്. എന്നാല്‍ മമ്മൂട്ടി കണ്ടെത്തുന്ന കഥകളും കഥാപാത്രങ്ങളും എപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നു. ഒരു ജോണറില്‍ നിന്ന് മറ്റൊരു ജോണറിലേക്ക് അദ്ദേഹം യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഈ മാര്‍ച്ച് 16ന് വിസ്മയിപ്പിക്കാന്‍ മമ്മൂട്ടി വീണ്ടും വരുന്നുണ്ട്. ‘അങ്കിള്‍’ എന്ന സിനിമയാണത്. ജോയ് മാത്യു തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. രസകരമായ സംഗതി ഈ സിനിമ റിലീസിന് മുമ്പേ ലാഭം നേടിയിരിക്കുന്നു എന്നതാണ്.

അങ്കിളിന്‍റെ സാറ്റലൈറ്റ് അവകാശം വന്‍ തുക മുടക്കി ഒരു ചാനല്‍ വാങ്ങി. ഒരു മമ്മൂട്ടിച്ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് തുകയാണിതെന്നാണ് വിവരം. അതേസമയം തന്നെ, വലിയ തുകയ്ക്ക് അങ്കിളിന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ വിറ്റുപോവുകയും ചെയ്തു.

മമ്മൂട്ടിക്ക് ഇനി ഈ സിനിമയുടെ പ്രതിഫലം കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസം നിര്‍മ്മാതാവ് ജോയ് മാത്യുവിനുണ്ട്. ഒരു പതിനേഴുകാരിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും സവിശേഷതകളുള്ള ബന്ധത്തിന്‍റെ കഥയാണ് അങ്കിള്‍.

സി ഐ എയില്‍ ദുല്‍ക്കറിന്‍റെ നായികയായിരുന്ന കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ബിജിബാല്‍ ആണ് സംഗീതം. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മമ്മൂട്ടി സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ് എത്തുന്നത് എന്നതും അങ്കിളിന്‍റെ പ്രത്യേകതയാണ്. ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി.

വിധേയന്‍, പാലേരിമാണിക്യം, ചരിത്രം തുടങ്ങിയ സിനിമകള്‍, ഒരു പരിധി വരെ മൃഗയ, ആവനാഴി തുടങ്ങിയ ചിത്രങ്ങള്‍ ഇവയൊക്കെ മമ്മൂട്ടി എന്ന നടനിലെ വില്ലന്‍ പരിവേഷം പ്രയോജനപ്പെടുത്തിയ ചിത്രങ്ങളാണ്. ആ ശ്രേണിയിലേക്കായിരിക്കുമോ അങ്കിള്‍ പ്രവേശിക്കുക? കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :