അഞ്ച് വയസ്സില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനം തുറന്നു പറഞ്ഞ് നടി നിവേദ
മാതാപിതാക്കളോട് എങ്ങനെ പറയുമെന്ന ഭയമായിരുന്നുവെന്ന് താരം
അപര്‍ണ|
Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (11:33 IST)
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീ സുരക്ഷയെന്ന് തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ് പറയുന്നു. അഞ്ചാം വയസ്സില്‍ താന്‍ പീഡനത്തിന് ഇരയായപ്പോള്‍ അത് മാതാപിതാക്കളോട് എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നുവെന്നും ഭയമായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിവേദ പറഞ്ഞു.
‘നമ്മുടെ രാജ്യത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. ചിലത് നമുക്ക് നിയന്ത്രിക്കാനാവില്ല. ചിലത് പരിഹരിക്കാനാവുന്നത്. അത്തരത്തിലൊന്നാണ് സ്ത്രീ സുരക്ഷ. അഞ്ച് വയസ്സുള്ളപ്പോള്‍ സംഭവിച്ചത് ഞാന്‍ എങ്ങനെയാണ് രക്ഷിതാക്കളോട് പറയുക. ഞാന്‍ അതെങ്ങനെ വിവരിക്കും. സംഭവിച്ചത് എന്താണെന്ന് ആ പ്രായത്തില്‍ എനിക്ക് മനസ്സിലായിട്ട് പോലുമുണ്ടായിരുന്നില്ല.
ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണം.
പുറത്തിറങ്ങുമ്പോള്‍ എനിക്ക് പേടിയാണ്. ആരെക്കണ്ടാലും സംശയത്തോടെ നോക്കേണ്ടി വരുന്നു. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണെന്നും നിവേദ പറയുന്നു.