ഗഡ്കരി: ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഷിന്‍ഡെ

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. എന്നാല്‍ ഗഡ്കരിക്കെതിരെ ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കാനൊരുങ്ങുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയില്ല. ഗഡ്ക്കരിക്കെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള നല്ല അവസരമാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്നം സര്‍ക്കാരിന് ഏറ്റവും ഗുണം ലഭിക്കത്തക്ക വിധത്തില്‍ ഉപയോഗിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.

ഗഡ്കരിക്കെതിരായ ആരോപണങ്ങളില്‍ ബിജെപിക്ക് ഉള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട് എന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. അദ്വാനിയുടെ പിന്തുണയും ആര്‍ എസ് എസിന്‍റെ പിന്തുണയുമുണ്ടെങ്കിലും ഗഡ്കരിക്കെതിരായ നീക്കം ബി ജെ പിക്കുള്ളില്‍ ശക്തമാണ്. ബി ജെ പി അധ്യക്ഷസ്ഥാനത്ത് ഗഡ്കരി തുടരുന്നതിനെക്കുറിച്ച് ആര്‍ എസ് എസ് നിലപാട് നിര്‍ണായകമാണ്.

അരവിന്ദ് കേജ്‌രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നേരിടാന്‍ സര്‍വസന്നാഹങ്ങളുമായി തയ്യാറെടുത്തിരിക്കെയാണ് ഗഡ്കരിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഗഡ്കരിയുടെ നിയന്ത്രണത്തിലുള്ള ‘പൂര്‍ത്തി പവര്‍ ആന്‍ഡ്‌ ഷുഗര്‍ ലിമിറ്റഡ്’ എന്ന കമ്പനിയിലെ നിക്ഷേപകരുടേയും ഓഹരി ഉടമകളുടേയും കാര്യത്തിലാണ് ആരോപണം. ഇവരില്‍ പലരുടെയും വിലാസങ്ങള്‍ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓഹരിയുടമകളുടെയും നിക്ഷേപകരുടെയും വിലാസങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവയില്‍ പലതും മുംബൈയിലെ ചേരി നിവാസികളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും ഈ കമ്പനിയുമായി ഒരു ബന്ധവുമില്ല. കമ്പനിയിലെ നിക്ഷേപകരും ഓഹരിയുടമകളും ഗഡ്കരിയുടെ അടുത്ത സുഹൃത്തുക്കളാണെന്നതും സംശയമുണര്‍ത്തുന്നു.

നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരിക്കുമ്പോള്‍ കരാറുകള്‍ ലഭിച്ചിട്ടുള്ള കമ്പനികള്‍ ‘പൂര്‍ത്തി പവര്‍ ആന്‍ഡ്‌ ഷുഗര്‍ ലിമിറ്റഡ്’ കമ്പനിക്ക് കോടികളുടെ വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഗഡ്കരിയുടെ ഡ്രൈവര്‍ക്കുവരെ കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്നാണ് കണ്ടെത്തലുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :