ഇത് മലയാളിയുടെ ‘യന്തിരന്‍’; രജനിയുടേതല്ല!

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

WEBDUNIA|
PRO
കോടികള്‍ മുതല്‍‌മുടക്കിയ രജനി - ശങ്കര്‍ ചിത്രം ഹോളിവുഡ് സിനിമകളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ കണിമംഗലം സ്വദേശി ചന്ദ്രന്‍റെ യന്ത്രം കാണികളെ അമ്പരപ്പിച്ചുകൊണ്ട് ശരവേഗത്തില്‍ തെങ്ങില്‍ കയറുകയും തേങ്ങയിടുകയും ചെയ്യും. കാര്‍ഷികകോളേജ്‌ ക്യാമ്പസില്‍ വ്യവസായവകുപ്പ് സംഘടിപ്പിച്ച തെങ്ങുകയറ്റ യന്ത്രമത്സരത്തിന്‍റെ ഫൈനല്‍ വ്യാഴാഴ്ച നടന്നപ്പോള്‍ യന്തിരന്‍റെ പ്രകടനം കണ്ട് ജഡ്ജിമാരും കാണികളും അത്ഭുതപ്പെട്ടു. ‘രജനിയുടെ യന്തിരനേക്കാള്‍ ഗംഭീര’മെന്ന് എല്ലാവരും മാര്‍ക്കിടുകയും ചെയ്തു.

“തൃശൂരിലെ കണിമംഗലത്ത് ഭദ്ര ഇന്‍‌ഡസ്‌ട്രീസ് എന്ന പേരില്‍ ഒരു വ്യവസായസ്ഥാപനം നടത്തുകയാണ് ഞാന്‍. എലിക്കണിയാണ് ഞാന്‍ ഇവിടെ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ വീണുകിട്ടുന്ന സമയം കൊണ്ടാണ് ഞാന്‍ ഈ തെങ്ങുകയറ്റ യന്ത്രം നിര്‍മിച്ചെടുത്തത്. ഏകദേശം ആറുമാസം കൊണ്ട് യന്ത്രത്തിന്‍റെ പ്രാഥമിക ഘടന തയ്യാറായി. അടുത്ത ആറുമാസത്തിനുള്ളില്‍ യന്ത്രം പൂര്‍ണമായും തയ്യാറായി. ഈ യന്ത്രത്തിന് ഞാന്‍ പേറ്റന്‍റും എടുത്തിട്ടുണ്ട്.”

കാണികളുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും തനിക്ക് സമ്മാനം ലഭിച്ചില്ല എന്ന നിരാശ ചന്ദ്രന്‍ മറച്ചുവയ്ക്കുന്നില്ല. കാരണം ചന്ദ്രന്‍റെ യന്ത്രം മാനദണ്ഡം പാലിച്ചുള്ളതല്ല എന്നാണ് ജഡ്ജിമാര്‍ പറയുന്നത്. ആളില്ലാതെ കയറുന്ന യന്ത്രമായിരിക്കണമെന്നാണ്‌ മാനദണ്ഡം. എന്നാല്‍ ചന്ദ്രന്‍റെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കൂടെ ആളും തെങ്ങില്‍ കയറണം. മാനദണ്ഡം പാലിക്കാത്തതുകൊണ്ട്‌ സ്വന്തം ചെലവില്‍ യന്ത്രം നിര്‍മിച്ചാണ്‌ ചന്ദ്രന്‍ മത്സരത്തിനെത്തിയത്‌. മറ്റുള്ള യന്ത്രങ്ങള്‍ നിര്‍മിച്ചവര്‍ക്ക് യന്ത്രം വികസിപ്പിച്ചെടുക്കുന്നതിനായി ഒരു ലക്ഷം രൂപ കിട്ടിയിരുന്നു.

“മത്സരത്തിന് എത്തിയ പതിനാല് മോഡലുകളും പരാജയപ്പെട്ടു. ആളില്ലാത്തതിനാല്‍ ഒരു യന്ത്രവും ശരിയായി പ്രവര്‍ത്തിച്ചില്ല. ഇടേണ്ടത് കരിക്കാണോ മൂപ്പെത്തിയ തേങ്ങയാണോ എന്ന് ആളില്ലാത്ത യന്ത്രത്തിന് അറിയില്ലല്ലോ! പട്ട വെട്ടാനും തെങ്ങ് വൃത്തിയാക്കാനും മരുന്ന് അടിക്കാനും ഒക്കെയുള്ള സൌകര്യം ഞാന്‍ നിര്‍മിച്ച യന്ത്രത്തിനുണ്ട്.”

“വെറും മുപ്പത്തിയയ്യായിരം രൂപയാണ് ഇതിന്‍റെ നിര്‍മാണച്ചലവ്. സ്ത്രീകള്‍ക്കും ഇതില്‍ കയറി സുരക്ഷിതമായി തേങ്ങായിടാം. 30 മില്ലി ലിറ്റര്‍ ഇന്ധനംകൊണ്ട്‌ ഒരു തെങ്ങില്‍ കയറാനുള്ള കപ്പാസിറ്റി തന്‍റെ യന്ത്രത്തിനുണ്ട്. കറന്‍റുകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. ഇടയ്ക്കു കുടുങ്ങിപ്പോയാല്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിച്ച്‌ ഇറങ്ങിപ്പോരുകയും ചെയ്യാം. ബ്രേക്ക്‌ സംവിധാനവുമുണ്ട്‌. തെങ്ങുകയറ്റ യന്ത്രത്തിന് ഇതില്‍ കൂടുതല്‍ എന്തുവേണം?” - ചന്ദ്രന്‍ ചോദിക്കുന്നു.

തെങ്ങുകയറ്റ യന്ത്ര മത്സരം വെള്ളിയാഴ്ചയും നടക്കും. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ ഏഴ്‌ യന്ത്രങ്ങള്‍ കൂടി ഗോദയില്‍ ഇറങ്ങും. രണ്ട് മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് യന്ത്രങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആളില്ലാ യന്ത്രം’ എന്ന മാനദണ്ഡം പാലിച്ചിട്ടില്ലെങ്കിലും മികച്ച മൂന്ന് യന്ത്രങ്ങളില്‍ ഒന്നായി തന്‍റെ യന്തിരനെ പരിഗണിക്കുമെന്നാണ് കണിമംഗലം‌കാരുടെ ചന്ദ്രേട്ടന്‍റെ വിശ്വാസം. കാരണം, മികച്ച യന്ത്രം തെരഞ്ഞെടുക്കുന്നതില്‍ പൊതുജനങ്ങളുടെ അഭിപ്രായവും പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ പൊതുജനാഭിപ്രായം കിട്ടിയിരിക്കുന്നത് ചന്ദ്രന്‍റെ യന്ത്രത്തിന് തന്നെ.

കാര്‍ഷികമേഖലയ്ക്ക് ഉണര്‍വുണ്ടാക്കുന്നതിന് വ്യവസായവകുപ്പ് നടത്തുന്ന അനേകം പരിപാടികളില്‍ ഒന്നാണ് തെങ്ങുകയറ്റ യന്ത്ര വികസിപ്പിച്ചെടുക്കുന്നതിനുള്ള മത്സരം. കണ്ണൂരില്‍നിന്നും കാസര്‍കോട്ടുനിന്നുമൊക്കെ മത്സരം കാണാന്‍ കര്‍ഷകര്‍ എത്തിയിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് മത്സരം കാണാനെത്തിയ കര്‍ഷകര്‍ പറഞ്ഞു.

ചന്ദ്രേട്ടന്‍റെ ‘യന്തിരന്‍’ പത്തുലക്ഷം രൂപയുടെ പുരസ്കാരം വാങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് മണിമം‌ഗലത്തെ നാട്ടുകാരും കേരളത്തിലെ കേരകര്‍ഷകരും. (ചന്ദ്രന്‍റെ ഫോണ്‍ നമ്പര്‍ - 09446997879)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :