ഹനീഫ ഈസ് എ ഡെയ്ഞ്ചറസ് ആക്റ്റര്‍!

Haneefa
WEBDUNIA|
PRO
PRO
സൂപ്പര്‍‌സ്റ്റാര്‍ രജനീകാന്തും സൂപ്പര്‍ സംവിധായകന്‍ ശങ്കറും ഒരുമിച്ച ആദ്യ ചിത്രം, ശിവാജി. അതിലഭിനയിക്കാന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് അവസരം കിട്ടിയിരിക്കുകയാണ്. ശങ്കറിന് പണ്ടുതൊട്ടേ കൊച്ചിന്‍ ഫനീഫയെ അറിയാം. ആ പരിചയത്തിന്റെ പുറത്താണ് ശിവാജിയില്‍ നല്ലൊരു കഥാപാത്രത്തെ ഹനീഫയ്ക്കായി ഒരുക്കിയത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവേശഭരിതനായി കൊച്ചിന്‍ ഹനീഫയിരുന്നു. തമിഴിലെ മറ്റൊരു സൂപ്പര്‍‌താരമായ കമലാഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട് എന്നത് ശരി തന്നെ. തമിഴകം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തായ കരുണാനിധിക്കൊപ്പം സിനിമ ചെയ്തിട്ടുണ്ടെന്നതും സത്യം തന്നെ. എം‌ജി‌ആറിനോടും ശിവാജി ഗണേശനോടും സൌഹൃദം ഉണ്ടായിരുന്നുവെന്നതും ശരിതന്നെ.

എങ്കിലും ആവേശത്തോടൊപ്പം അല്‍‌പം ഉല്‍‌ക്കണ്ഠയും കൊച്ചിന്‍ ഹനീഫയ്ക്കുണ്ട്. കാരണം, അല്‍‌പസമയത്തിനുള്ളില്‍ ശിവാജിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്താന്‍ പോകുന്നത് തമിഴകത്തിന്റെ നെഞ്ചിടിപ്പായ രജനീകാന്താണ്.

കാത്തിരുന്ന നിമിഷം വന്നെത്തി. രജനിയതാ എത്തിപ്പോയി. ശങ്കറുമായും സിനിമയുടെ മറ്റ് പിന്നണി പ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ട് നില്‍‌ക്കുകയാണ് രജനി. തനിക്ക് ഏറെ ഇഷ്ടമുള്ള സൂപ്പര്‍‌സ്റ്റാര്‍ രജനി തന്റെ മുമ്പില്‍ നിന്ന് ശങ്കറിനോട് സംസാരിക്കുന്നത് കണ്ടപ്പോള്‍ സകലതും മറന്ന് കൊച്ചിന്‍ ഹനീഫ മുന്നോട്ടുചെന്നു. രജനിക്ക് തന്നെ അറിയാന്‍ വഴിയില്ലല്ലോ! അതിനാല്‍ കൊച്ചിന്‍ ഹനീഫ സ്വയമങ്ങ് പരിചയപ്പെടുത്തി.

“നാന്‍ കൊച്ചിന്‍ ഹനീഫ.. വി‌എം‌സി ഹനീഫ,, നാന്‍...”

ഹനീഫ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് രജനീകാന്ത് ബ്രാന്‍‌ഡ് ‘ഹാഹാഹാ’ ചിരി അവിടെ മുഴങ്ങി.

‘എന്നാ ഹനീഫാ സാര്‍. ഉങ്കളെ എനക്ക് തെരിയാതാ?’

രജനീകാന്ത് മറുചോദ്യം ചോദിക്കുകയാണ്. പരസ്പരം കാണാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഹനീഫയുടെ സിനിമകള്‍ കാണാറുണ്ടെന്നും വിശേഷങ്ങള്‍ അറിയാറുണ്ടെന്നും കൂടി രജനി പറഞ്ഞപ്പോള്‍ ഹനീഫയുടെ കണ്ണ് നിറഞ്ഞു.

“മഹാനദിയില്‍ കമലിനോടൊപ്പം നിങ്ങള്‍ നടത്തിയ ആ പ്രകടനം ഞാന്‍ മറക്കുന്നതെങ്ങിനെ? എന്നെ പലപ്പോഴും ഹോണ്ട് ചെയ്യാറുണ്ട് നിങ്ങള്‍ അഭിനയിച്ച ധനുഷ് എന്ന ആ വില്ലന്‍ കഥാപാത്രം. നിങ്ങളെ പറ്റി ഞാന്‍ കമലിനോട് തിരക്കിയിരുന്നു. കമല്‍ പറഞ്ഞതെന്തെന്നോ? ‘ഹനീഫയോ, രജനീ? ഹീ ഈസ് എ ഡെയ്ഞ്ചറസ് ആക്റ്റര്‍!’ എന്ന്. അങ്ങിനെയുള്ള നിങ്ങളെ ഞാന്‍ അറിയാതിരിക്കുന്നതെങ്ങിനെ?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :