നാഗവല്ലിയുടെ പ്രേതത്തെ രജനിക്കും ഭയം!

Nagavalli
WEBDUNIA|
PRO
PRO
മധു മുട്ടത്തിന്‍റെ ഭാവനയില്‍ നിന്ന് വിരിഞ്ഞ ‘നാഗവല്ലി’ എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടവര്‍ മറക്കുകയില്ല. മോഹന്‍‌ലാല്‍, ശോഭന, സുരേഷ്‌ഗോപി എന്നിവര്‍ മത്സരിച്ചഭിനയിച്ച ഫാസിലിന്‍റെ മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റുകളിലൊന്നാണ്. അപൂര്‍വചാരുതയോടെ അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം ഒട്ടൊന്നുമല്ല പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിട്ടുള്ളത്. സാക്ഷാല്‍ രജനീകാന്തിന്‍റെ ഉറക്കവും നാഗവല്ലി കാരണം ഇല്ലാതായി. നാഗവല്ലിയുടെ കോപം തനിക്കെതിരെ തിരിയാതിരിക്കാന്‍ മൈസൂരില്‍ പോയി മൃത്യഞ്ജയ ഹോമം കഴിച്ച ആശ്വാസത്തിലാണ് രജനിയിപ്പോള്‍!

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും മണിച്ചിത്രത്താഴിന് റിമേക്ക് ഉണ്ടായിട്ടുണ്ട്. റിമേക്കുകളില്‍ ഏറെ ശ്രദ്ധേയമായത് രജനീകാന്ത് നായകനായി അഭിനയിച്ച ‘ചന്ദ്രമുഖി’യും കന്നഡ നടന്‍ വിഷ്ണുവര്‍ദ്ധന്‍ നായകനായ ‘ആപ്തമിത്ര’ എന്ന സിനിമയുമാണ്. രണ്ടും മെഗാ ഹിറ്റുകള്‍ ആയിരുന്നു. ‘ആപ്തമിത്ര’യില്‍ നാഗവല്ലിയെ അവതരിപ്പിച്ചത് അന്തരിച്ച ആയിരുന്നു. സിനിമയിറങ്ങി ഒരുമാസം കഴിയുന്നതിന് മുമ്പ് കോപ്റ്റര്‍ അപകടത്തില്‍ പെട്ട് സൌന്ദര്യ മരണമടഞ്ഞു. നാഗവല്ലിയുടെ പ്രേതമാണ് സൌന്ദര്യയെ കൊലപ്പെടുത്തിയത് എന്ന് അക്കാലത്ത് സാന്‍‌ഡല്‍‌വുഡ് അടക്കം പറഞ്ഞിരുന്നു.

‘ആപ്തമിത്ര’യുടെ രണ്ടാം ഭാഗമായ ‘ആപ്തരക്ഷക’ ചിത്രീകരിക്കുമ്പോള്‍ നായികയായ വിമലാ രാമന്‍ താമസിച്ചിരുന്ന മുറിയില്‍ നാഗവല്ലിയുടെ പ്രേതത്തെ കണ്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സംഭവം ഇങ്ങനെ - ആപ്തരക്ഷകയുടെ ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തിയ വിമല ഞെട്ടി, കാരണം നാഗവല്ലിയതാ ഹോട്ടല്‍ റൂമില്‍! മുടിയൊക്കെ അഴിച്ചിട്ട് ഉലാത്തുകയാണെത്രെ നാഗവല്ലി! ‘ഹാലൂസിനേഷന്‍’ ആയിരിക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് വല്ലവിധേനെയും ഉറങ്ങിയ വിമല, ആരോ തന്‍റെ അരികില്‍ കിടക്കുന്നുവെന്ന തിരിച്ചറിവില്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ വീണ്ടും നാഗവല്ലി! അലറിവിളിച്ച വിമലാ രാമന്‍ ഹോട്ടലിലെ താമസക്കാരെയാരും അന്ന് രാത്രി ഉറക്കിയില്ല എന്നായിരുന്നു വാര്‍ത്ത!

ആപ്തമിത്ര ചിത്രീകരിക്കുമ്പോഴും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പി വാസു ഓര്‍മിക്കുന്നു. ‘രാരാ..’ എന്ന പാട്ട് (കന്നഡ റീമേക്കില്‍ ‘ഒരുമുറൈ വന്ത് പാര്‍ത്തായാ’ എന്ന പാട്ടിന് പകരം ചിത്രീകരിച്ച ഗാനം) ചിത്രീകരിക്കുമ്പോള്‍ മൂന്ന് നര്‍ത്തകികള്‍ ബോധം‌കെട്ട് വീണെത്രെ. രമേഷ് ഭട്ടെന്ന നടനാവട്ടെ മൂന്ന് ദിവസം ബോധം‌മറഞ്ഞ നിലയിലായിരുന്നു. ആപ്തമിത്രയില്‍ ഡോക്‌ടറായി അഭിനയിച്ച വിഷ്ണുവര്‍ദ്ധനും നാഗവല്ലിയുടെ സാമീപ്യം തിരിച്ചറിയുകയുണ്ടായെത്രെ.

‘ആപ്തരക്ഷക’യുടെ ചിത്രീകരണം പൂര്‍ത്തിയായയുടന്‍ നായകന്‍ വിഷുവര്‍ദ്ധനനും അന്തരിച്ചു. സൌന്ദര്യയുടെയും വിഷ്ണുവര്‍ദ്ധനന്‍റെയും മരണത്തിന് നാഗവല്ലിയുടെ പ്രേതമാണെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. തമിഴ് സൂപ്പര്‍‌സ്റ്റാര്‍ രജനികാന്തും നാഗവല്ലിയുടെ പ്രേതത്തില്‍ വിശ്വസിക്കുന്നുവെന്നാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. ഈയടുത്ത ദിവസമാണ് രജനീകാന്ത് തന്‍റെ സ്നേഹിതന്‍ അഭിനയിച്ച ‘ആപ്തരക്ഷക’യുടെ പ്രിവ്യൂ കണ്ടത്. സിനിമ കണ്ട് രജനീകാന്ത് കരഞ്ഞുപോയെത്രെ. താനും വിഷ്ണുവര്‍ദ്ധനനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തിന്‍റെ അവസാന സിനിമ കണ്ടപ്പോള്‍ തനിക്ക് കരച്ചില്‍ വഅടക്കാനായില്ല എന്നുമാണ് രജനി പറഞ്ഞത്.

എന്തായാലും, ‘ആപ്തരക്ഷക’ കണ്ടുകഴിഞ്ഞ് രജനിയും കുടുംബവും വച്ചുപിടിച്ചത് മൈസൂരിലെ ഒരു പ്രധാന ക്ഷേത്രത്തിലേക്കാണെത്രെ. നര്‍സിപ്പൂരിലുള്ള ഈ ക്ഷേത്രത്തില്‍ രജനിക്കായി പ്രത്യേകം മൃത്യുഞ്ജയ ഹോമമാണ് നടത്തപ്പെട്ടത്. നാഗവല്ലിയുടെ പ്രേതത്തിന്‍റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൂജകളും മറ്റ് കര്‍മങ്ങളും ചെയ്യാന്‍ കഴിഞ്ഞ കുറേ മാസങ്ങളായി രജനിയെ അടുത്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവസാനം രജനി സമ്മതിക്കുകയായിരുന്നുവെത്രെ!

നിരീശ്വര വാദിയും യുക്തിവാദിയുമായ കോവൂരിന്‍റെ കേസ് ഡയറികളില്‍ വിവരിച്ചിരിക്കുന്ന ഒരു ചെറിയ സംഭവമാണ് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് തിരക്കഥ രചിക്കാന്‍ മധു മുട്ടത്തിന് പ്രചോദനമായത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ‘ദ്വന്ദ്വവ്യക്തിത്വം’ (ഡ്യുവല്‍ പേഴ്സണാലിറ്റി) എന്ന രോഗം അനുഭവിക്കുന്നവര്‍ക്ക് ലഭിക്കുന്ന അമാനുഷിക സിദ്ധിയെ പറ്റിയാണ് മണിച്ചിത്രത്താഴ് പറയുന്നത്. ഭൂതപ്രേതപിശാചുക്കളൊന്നും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല എന്നൊരു സന്ദേശവും മണിച്ചിത്രത്താഴ് നല്‍‌കുന്നുണ്ട്. എന്നാല്‍ ഇതിന് തികച്ചും വിരുദ്ധമായ നിലപാടാണ് മണിച്ചിത്രത്താഴിന്‍റെ റീമേക്കുകള്‍ എടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :